കൊച്ചി കതൃക്കടവ് ജംക്ഷനു സമീപം മുത്തശ്ശിയുടെ സംരക്ഷണയിൽ കഴിയുന്ന മൂന്ന് കുട്ടികൾക്ക് കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി. മാതാപിതാക്കളില്ലാത്ത ആനന്ദ്, അളകനന്ദ, മണികണ്ഠൻ എന്നിവരെ സന്ദർശിച്ച മന്ത്രി, അവർക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും ഉറപ്പുനൽകി.
‘നന്നായി പഠിക്കണം, ഉയരങ്ങൾ കീഴടക്കണം’ എന്ന് അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. പച്ചക്കറി കച്ചവടത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് പേരക്കുട്ടികളെ വളർത്തുന്ന പി.സി.രാജേശ്വരിക്കും ഭർത്താവ് രാജുവിനും ആശ്വാസമേകാൻ കൂടിയായിരുന്നു മന്ത്രിയുടെ സന്ദർശനം.
ഈ മൂന്ന് കുട്ടികളുടെയും സംരക്ഷണം കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം ഏറ്റെടുത്തതായി അധികൃതർ അറിയിച്ചു. കാരിക്കാമുറി സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർഥികളാണ് ഇവർ.
നാലാം ക്ലാസുകാരനായ ആനന്ദ്, മൂന്നാം ക്ലാസുകാരി അളകനന്ദ, നാല് വയസ്സുകാരൻ മണികണ്ഠൻ എന്നിവർ പഠനത്തിലും ചിത്രരചനയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സേവാശ്രമം മാനേജിങ് ട്രസ്റ്റി സി.എസ്.മുരളീധരൻ, ട്രസ്റ്റിമാരായ പി.കുട്ടിക്കൃഷ്ണൻ, സി.ജി.രാജഗോപാൽ എന്നിവർ കുടുംബത്തെ സന്ദർശിച്ച് തുടർനടപടികൾ വിലയിരുത്തി.
അതേസമയം, മാജിക് എൻജിഒ ചെയർമാൻ ഡോ. പ്രവീൺ പൈയുടെ നേതൃത്വത്തിൽ ഭൂട്ടാനിൽ നിന്നെത്തിയ റോയൽ സൊസൈറ്റി സീനിയർ കെയർ അംഗം ഗോയംബോ ദോർജിയും സംഘവും കുട്ടികളുടെ സാഹചര്യം നേരിൽ കണ്ട് ധനസഹായം കൈമാറി.
മുത്തശ്ശിയോടും കുട്ടികളോടും ഏറെ നേരം സംസാരിച്ച ശേഷമാണ് കേന്ദ്രമന്ത്രി മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

