പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ചിത്രം കൂടുതൽ സങ്കീർണ്ണമാകുന്നു. തൃണമൂൽ കോൺഗ്രസ് വിട്ട
വിമത എംപിമാർ എൻസിപിഐയിൽ ലയിക്കുമെന്ന പ്രഖ്യാപനം സംസ്ഥാനത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടുതൽ നേതാക്കൾ വരുംദിവസങ്ങളിൽ വിമതർക്കൊപ്പം ചേർന്നേക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.
ഫിർഹാദ് ഹക്കിം ഉൾപ്പെടെയുള്ള മമത ബാനർജിയുടെ അടുത്ത അനുയായികൾ ബിജെപി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേദു അധികാരിയോടൊപ്പം പൊതുവേദി പങ്കിട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. മമതയുടെ സഹോദരി ഭർത്താവായ കൗൺസിലറും ഈ പരിപാടിയിൽ പങ്കെടുത്തത് ശ്രദ്ധേയമായി.
കാകോലി ഘോഷ് ദസ്തിദാർ എൻസിപിഐ അധ്യക്ഷയായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 20 എംപിമാർ എൻസിപിഐയിൽ ചേർന്നതായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു കഴിഞ്ഞു.
എന്നാൽ, എൻസിപിഐ ഒരു രജിസ്റ്റർ ചെയ്ത പാർട്ടി അല്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. അംഗീകാരമില്ലാത്ത പാർട്ടിയിൽ എംപിമാർ ചേരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് എംപി കീർത്തി ആസാദ് വിമർശിച്ചു.
മൂന്നിൽ രണ്ട് എംപിമാർ മറ്റൊരു പാർട്ടിയിൽ ലയിച്ചാൽ അയോഗ്യത ഒഴിവാക്കാമെന്ന കണക്കുകൂട്ടലിലാണ് വിമതർ. എന്നാൽ, മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, മനു അഭിഷേക് സിങ്വി എന്നിവരുടെ അഭിപ്രായത്തിൽ എംപിമാരല്ല, മറിച്ച് പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം മറ്റൊരു പാർട്ടിയിൽ ലയിക്കുകയാണെങ്കിൽ മാത്രമേ അയോഗ്യതയിൽ നിന്ന് സംരക്ഷണം ലഭിക്കൂ.
ഈ സാഹചര്യത്തിൽ വിമതർ ബിജെപിയിൽ ചേരാൻ ശ്രമിച്ചെങ്കിലും അവിടെ നിന്ന് അനുകൂലമായ പ്രതികരണമല്ല ലഭിച്ചതെന്നും, വെറും അതിഥികളായി മാത്രമാണ് അവരെ പരിഗണിക്കുന്നതെന്നും തൃണമൂൽ പരിഹസിച്ചു. വിമതരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മമത ബാനർജി സ്പീക്കർക്ക് കത്ത് നൽകാൻ ഒരുങ്ങുകയാണ്.
സ്പീക്കറുടെ തീരുമാനം പ്രതികൂലമായാൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തൃണമൂലിന്റെ തീരുമാനം. അതിനിടെ, 2023-ൽ ബംഗാളിൽ രജിസ്റ്റർ ചെയ്ത എൻസിപിഐയിൽ 20 എംപിമാർ ഒരേസമയം ചേർന്നത് പാർട്ടിയിലെ പഴയ അംഗങ്ങൾക്കിടയിലും അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്.
ത്രിപുരയിൽ മത്സരിച്ച മൂന്ന് സീറ്റുകളിലായി വെറും 822 വോട്ടുകൾ മാത്രം ലഭിച്ച ഒരു പാർട്ടി, ഒറ്റരാത്രികൊണ്ട് ലോക്സഭയിലെ അഞ്ചാമത്തെ വലിയ കക്ഷിയായി മാറിയത് അത്ഭുതകരമാണ്. ഇത് ടിഡിപിയെയും ജെഡിയുവിനെയും മറികടന്ന് എൻഡിഎയിലെ രണ്ടാമത്തെ വലിയ പാർട്ടിയായി എൻസിപിഐയെ ഉയർത്തിയിട്ടുണ്ട്.
വിമതരുടെ ഈ നീക്കം അമിത് ഷായുടെ പരിഭ്രാന്തി മൂലമാണെന്ന് ജയറാം രമേശ് ആരോപിച്ചു. ഈ നടപടിക്കെതിരെ സഖ്യകക്ഷികൾ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

