സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരപ്രദേശങ്ങളിൽ കഴിയുന്നവരും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന മലയോര മേഖലകളിൽ താമസിക്കുന്നവരും കർശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു.
നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്ന സാഹചര്യത്തിൽ, അധികൃതരുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് ജനങ്ങൾ ഉടൻതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ ഉരുൾപൊട്ടൽ സംഭവിക്കുകയുണ്ടായി.
എങ്കിലും, ഭാഗ്യവശാൽ ഇതുവരെ യാതൊരുവിധ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും, തഹസിൽദാർമാരുടെ നേതൃത്വത്തിൽ പൊലീസും അഗ്നിരക്ഷാസേനയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും കലക്ടർ അറിയിച്ചു.
ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ആവശ്യമായ ദുരിതാശ്വാസ ക്യാംപുകൾ സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലവിൽ ആറ് കേന്ദ്രങ്ങളിൽ ക്യാംപുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
തുറന്ന ദുരിതാശ്വാസ ക്യാംപുകളുടെ വിവരങ്ങൾ:
1. ജെ.ജെ മർഫി സ്കൂൾ എന്തയാർ
2.
സി.എം.എസ് എൽ.പി സ്കൂൾ കൂട്ടിക്കൽ
3. ശങ്കർ മെമ്മോറിയൽ സ്കൂൾ ഇളംകാട്
4.
തുഷാര ക്ലബ് പെരുന്തുരുത്ത്
5. സി.എം.എസ് എൽ.പി സ്കൂൾ മുണ്ടക്കയം
6.
സെന്റ് ജോസഫ് ഹൈസ്കൂൾ പുത്തൻചന്ത , മുണ്ടക്കയം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജം
തുടർച്ചയായ മഴയുടെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഏകോപിപ്പിക്കാനുമായി കോട്ടയം ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
പൊതുജനങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. * ജില്ലാ കൺട്രോൾ റൂം, കലക്ടറേറ്റ് – 94465 62236
* കോട്ടയം താലൂക്ക് – 85479 85727
* ചങ്ങനാശേരി താലൂക്ക് – 9496014587
* മീനച്ചിൽ താലൂക്ക് – 9496686325
* കാഞ്ഞിരപ്പള്ളി താലൂക്ക് – 9495265800
* വൈക്കം താലൂക്ക് – 9496174871
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

