ആറന്മുളയിലെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നടന്ന ചർച്ചകൾ ചൂടേറിയ തർക്കങ്ങൾക്ക് വഴിയൊരുക്കി.
സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള വിമർശനങ്ങൾക്ക് മുൻ മന്ത്രി വീണ ജോർജ് യോഗത്തിൽ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി. മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നതായും, തന്നെ ഒഴിവാക്കണമെന്ന ആവശ്യം നേതൃത്വം അവഗണിച്ചെന്നുമാണ് വീണ ജോർജിന്റെ വാദം.
സ്ഥാനാർഥിയാക്കാൻ മറ്റാരുമില്ലെന്ന കാരണത്താൽ നിർബന്ധിതയായാണ് മത്സരിച്ചതെന്ന് അവർ വ്യക്തമാക്കി. തന്റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി സ്ഥാനം ഓമല്ലൂർ ശങ്കരൻ ഒഴിഞ്ഞത് വലിയ ചർച്ചയായിരുന്നു.
ഇതിനുശേഷം സ്ഥാനാർഥിക്ക് താൽപ്പര്യമില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചെന്നും വീണ ജോർജ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങളെല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, വീണ ജോർജിന്റെ പ്രവർത്തന ശൈലിക്കെതിരെ ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. “പെരുമാറ്റമാണ് വീണയെ തോൽപ്പിച്ചത്” എന്ന നിലപാടിലായിരുന്നു ഒരു വിഭാഗം നേതാക്കൾ.
സാധാരണ പാർട്ടി പ്രവർത്തകരുടെ ഫോൺ കോളുകൾ പോലും സ്വീകരിക്കാൻ തയ്യാറായില്ലെന്നും, അനാവശ്യ വിവാദങ്ങളിൽ അനാവശ്യമായി ഇടപെട്ടെന്നും യോഗത്തിൽ ആക്ഷേപമുയർന്നു. വീണയെ ചില നേതാക്കൾ മനപ്പൂർവം തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും യോഗത്തിൽ ഉയർന്നുവന്നു.
സ്ഥാനാർഥി നിർണ്ണയത്തെക്കുറിച്ചുള്ള അതൃപ്തിയും യോഗത്തിൽ പ്രകടമായി. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയൻ തന്നെയായിരുന്നു എന്ന അഭിപ്രായം യോഗത്തിൽ ശക്തമായി ഉയർന്നു.
കെ കെ ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിൽ മത്സരിപ്പിച്ച നടപടിയെയും യോഗം രൂക്ഷമായി വിമർശിച്ചു. “ശൈലജ ടീച്ചറെ പാർട്ടി അവിടെ കുരുതി കൊടുക്കുകയായിരുന്നു” എന്നായിരുന്നു ഇക്കാര്യത്തിൽ ഉയർന്ന പ്രധാന വിമർശനം.
തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ജില്ലാ കമ്മിറ്റി യോഗം നാളെയും തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

