ഇറാനും യുഎസും തമ്മിലുള്ള സംഘർഷം ആഗോള വിപണിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നു. എൽപിജി വിലവർധനയ്ക്ക് പിന്നാലെ പെട്രോൾ, ഡീസൽ, സിഎൻജി നിരക്കുകളിലുണ്ടായ വർധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ചരക്കുകൂലിയും യാത്രാച്ചെലവും ഉയരുന്നത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്. പണപ്പെരുപ്പം പിടിച്ചുകെട്ടാൻ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് ഉയർത്താൻ തീരുമാനിച്ചാൽ അത് സാധാരണക്കാർക്ക് ഇരട്ടി പ്രഹരമായി മാറും.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന ഒരു തുടക്കം മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇറാൻ-യുഎസ് സംഘർഷം സമീപഭാവിയിൽ അവസാനിക്കില്ലെന്ന സൂചനയാണ് യുഎസ് പ്രസിഡന്റ് ട്രംപ് നൽകുന്നത്.
“ഇറാനെതിരെ വെടിനിർത്തൽ പ്രഖ്യാപിച്ചത് പാക്കിസ്ഥാൻ സംയുക്ത സേനാ മേധാവി അസിം മുനീർ, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവർക്കു വേണ്ടി മാത്രമാണെന്ന് ട്രംപ് പറഞ്ഞു.” സംഘർഷം നീണ്ടുനിൽക്കുന്നതും ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കവെ, ഇറാനുമേലുള്ള തന്റെ ക്ഷമ നശിക്കുകയാണെന്ന് ട്രംപ് ആവർത്തിച്ചു.
“ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നാണ് ഷി ജിൻ പിങ്ങിന്റെയും നിലപാടെന്ന് ട്രംപ് പറഞ്ഞു.” ഇന്ത്യൻ വിപണിയിലെ ആഘാതം വളരെ വലുതാണ്. നിലവിൽ ചില്ലറ വിലക്കയറ്റം 4 ശതമാനത്തിന് താഴെയാണെങ്കിലും, ഇന്ധനവില വർധനവ് മൂലം വരും മാസങ്ങളിൽ ഇത് 5 ശതമാനത്തിന് മുകളിലേക്ക് ഉയരുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
പണപ്പെരുപ്പം ഉയരുന്നത് റിസർവ് ബാങ്കിന്റെ പലിശ നിരക്ക് വർധനവിലേക്കും നയിച്ചേക്കാം. ഏപ്രിലിൽ വ്യാപാരക്കമ്മി 2838 കോടി ഡോളറിലേക്ക് കുതിച്ചുയർന്നത് കയറ്റുമതി-ഇറക്കുമതി മേഖലയിലെ അസന്തുലിതാവസ്ഥ വെളിപ്പെടുത്തുന്നു.
ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയായി വിദേശനാണ്യ വരുമാനത്തിലെ ഇടിവും തുടരുകയാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി.
ഇന്നലെ രൂപ 96.14 വരെ ഇടിഞ്ഞു. ഓഹരി വിപണിയിലും ഈ പ്രതിസന്ധി നിഴലിക്കുന്നുണ്ട്.
സെൻസെക്സ് 160 പോയിന്റ് താഴ്ന്ന് 75,237 ലും നിഫ്റ്റി 46 പോയിന്റ് നഷ്ടത്തിൽ 23,643 ലും വ്യാപാരം പൂർത്തിയാക്കി. അതേസമയം, ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ വീണ്ടും കുതിച്ചുയർന്നു.
യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 4.20 ശതമാനം ഉയർന്ന് 105.4 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 3.35 ശതമാനം വർധിച്ച് 109.3 ഡോളറുമായി.
എണ്ണവിലയിലെ ഈ കുതിപ്പ് ഇന്ത്യയിൽ ഇന്ധനവില ഇനിയും ഉയരാൻ കാരണമാകുമെന്നാണ് സൂചന. എന്നാൽ, പണപ്പെരുപ്പ ഭീതിയും ഡോളറിന്റെ കരുത്തും മൂലം രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 136.87 ഡോളർ ഇടിഞ്ഞ് 4540.49 ഡോളറിലെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

