മകൾ വിവാഹിതയാവുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ അവർക്ക് നൽകിയ ഭൂമി മകന് ലഭിക്കുമെന്ന പിതാവിന്റെ ധനനിശ്ചയ ആധാരത്തിലെ വ്യവസ്ഥ നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.
ഈശ്വരൻ പുറപ്പെടുവിച്ച ഉത്തരവിലാണ് സുപ്രധാന നിരീക്ഷണം. സഹോദരിയുടെ വിഹിതം തട്ടിയെടുക്കാൻ ശ്രമിച്ച വൈക്കം സ്വദേശിയായ സഹോദരന്റെ അപ്പീൽ ഹർജി കോടതി തള്ളിക്കളഞ്ഞു.
1965-ലെ ധനനിശ്ചയ ആധാരപ്രകാരം പിതാവ് തന്റെ മകൾക്ക് 10 സെന്റ് സ്ഥലം നൽകിയിരുന്നു. എന്നാൽ, മകൾ വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ ഈ സ്വത്തിലുള്ള അവകാശം നഷ്ടപ്പെടുമെന്നും അത് സഹോദരന് ലഭിക്കുമെന്നും ആധാരത്തിൽ വ്യവസ്ഥ ചെയ്തിരുന്നു.
1973-ൽ മകൾ വിവാഹിതയായി. 1983-ൽ പിതാവ് മരണപ്പെട്ടതിനെ തുടർന്ന്, സഹോദരി വിദേശത്തേക്ക് പോയ അവസരം മുതലെടുത്ത് സഹോദരൻ സ്ഥലം തന്റെ പേരിൽ പോക്കുവരവ് ചെയ്തു.
ഇതിനെതിരെ സഹോദരി മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല. തുടർന്ന് കോട്ടയം അഡീഷനൽ ജില്ലാ കോടതിയിൽ അപ്പീൽ നൽകിയപ്പോൾ സഹോദരിക്ക് അനുകൂലമായ വിധി ലഭിച്ചു.
ഇതിനെതിരെയാണ് സഹോദരൻ ഹൈക്കോടതിയെ സമീപിച്ചത്. സ്വത്ത് കൈമാറ്റ നിയമവും ഇന്ത്യൻ കരാർ നിയമവും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.
നിയമം വിലക്കിയതും പൊതുനയത്തിന് വിരുദ്ധവുമായ വ്യവസ്ഥകൾ അസാധുവാണെന്ന് കോടതി നിരീക്ഷിച്ചു. പൂർണമായ സ്വത്ത് കൈമാറ്റമാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കിയ കോടതി, 10 സെന്റ് സ്ഥലത്തിന് മേൽ സഹോദരിക്ക് പൂർണമായ അവകാശമുണ്ടെന്നും ഹർജിക്കാരന്റെ വാദങ്ങൾ തള്ളിക്കൊണ്ടും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

