കുമ്പള പൊലീസ് സ്റ്റേഷൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ പഴയ ജലസംഭരണി കടുത്ത അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ട്. കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നതും ഇരുമ്പ് കമ്പികൾ തുരുമ്പെടുത്ത് ദ്രവിച്ചതുമാണ് പ്രദേശത്ത് വലിയ സുരക്ഷാ ഭീഷണിയായി മാറിയിരിക്കുന്നത്.
വർഷങ്ങളുടെ പഴക്കമുള്ള ഈ ജലസംഭരണിയുടെ താഴെത്തന്നെയാണ് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയമായ പിഎച്ച് സെന്റർ പ്രവർത്തിക്കുന്നത് എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്. തീരദേശ മേഖലയോട് ചേർന്നുനിൽക്കുന്ന ഭൂപ്രകൃതിയായതിനാൽ കടൽക്കാറ്റും കടുത്ത ഈർപ്പവും തട്ടിയാണ് കോൺക്രീറ്റിനുള്ളിലെ കമ്പികൾ വേഗത്തിൽ തുരുമ്പെടുത്ത് വീർക്കുന്നത്.
ഇത് കോൺക്രീറ്റ് അടർന്നു വീഴുന്നതിന് കാരണമാവുകയും ജലസംഭരണിയുടെ മൊത്തത്തിലുള്ള ഘടനാപരമായ സുരക്ഷയെ ബാധിക്കുകയും ചെയ്യുന്നു. പഞ്ചായത്ത് പരിധിയിലെ നൂറുകണക്കിന് കുടുംബങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്ന ഈ ടാങ്കിന് നിലവിൽ അധിക ഭാരം താങ്ങാനുള്ള ശേഷിയില്ലെന്നാണ് വിലയിരുത്തൽ.
കുമ്പള വാട്ടർ അതോറിറ്റിയുടെ കാലഹരണപ്പെട്ട സംവിധാനങ്ങൾ പൂർണ്ണമായി മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി ഉപഭോക്താക്കൾ രംഗത്തുണ്ട്.
ഇവിടെ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് ശുദ്ധജലം കൊണ്ടുപോകുന്ന പൈപ്പുകൾ പൊട്ടി ജലവിതരണം തടസ്സപ്പെടുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ദേശീയപാത നിർമാണ വേളയിൽ മാസങ്ങളോളമാണ് പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങിപ്പോയത്.
നിലവിൽ ഷിറിയ പുഴയിലെ ജലസ്രോതസ്സുകളെയും പമ്പിങ് സ്റ്റേഷനുകളെയും ആശ്രയിച്ചാണ് കുമ്പള പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് ആവശ്യമായ വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് എത്തിക്കുന്നത്. ഷിറിയ പുഴയിൽ കോടികൾ മുടക്കി നിർമിക്കുന്ന തടയണയുടെ പണി പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ ശുദ്ധജല പദ്ധതികൾ കൂടുതൽ വേഗത്തിലാകുമെന്നാണ് അധികൃതരുടെ വിശദീകരണം.
ഇതിന്റെ ഭാഗമായി കുമ്പള, മംഗൽപാടി പഞ്ചായത്തുകളുടെ സംയുക്ത പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ജല ജീവൻ മിഷൻ പദ്ധതി പ്രകാരമാണ് ഇവ പ്രവർത്തിക്കുന്നത്.
ഇതിനായി ഉയർന്ന ശേഷിയുള്ള പുതിയ ജലസംഭരണികൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും പൈപ്പ് ലൈൻ ജോലികളും പുരോഗമിക്കുകയാണ്. പഞ്ചായത്ത് പരിധിയിലെ പൂക്കട്ട, കിദൂർ, കളത്തൂർ എന്നീ പ്രദേശങ്ങളിൽ പുതിയ ഓവർ ഹെഡ് സംഭരണ ടാങ്കുകൾ നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിൽ കളത്തൂരിൽ മാത്രം 10 ലക്ഷം ലീറ്റർ ശേഷിയുള്ള ബൃഹത്തായ ടാങ്കാണ് പണിയുക. ഏത് നിമിഷവും തകർന്നു വീഴാമെന്ന നിലയിലുള്ള പഴയ വാട്ടർ ടാങ്ക് വൻദുരന്തം സൃഷ്ടിക്കുന്നതിന് മുൻപ് അധികാരികൾ അടിയന്തര പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

