ശബരിമലയില് എത്തുന്ന തീര്ത്ഥാകര്ക്ക് ഇനിമുതല് വലിയ ആശ്വാസം. സന്നിധാനം, പമ്പ, സ്വാമി അയ്യപ്പന് റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളില് ഭക്തര് നിലവില് പണം നല്കി ഉപയോഗിക്കുന്ന എല്ലാ ശുചിമുറികളും കുളിമുറികളും ഇനി മുതല് സൗജന്യമായി ഉപയോഗിക്കാം.
വരാനിരിക്കുന്ന മണ്ഡല മകരവിളക്ക് തീര്ത്ഥാടന കാലം മുതല് ഈ സേവനം സൗജന്യമാക്കാനും ഇവ ലേലം ചെയ്തു കൊടുക്കേണ്ടതില്ലെന്നും തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ഔദ്യോഗികമായി തീരുമാനമെടുത്തു. ഈ സംവിധാനങ്ങളുടെ ഉയര്ന്ന നിലവാരത്തിലുള്ള ശുചീകരണം ഉറപ്പുവരുത്തുന്നതിനായി പരിചയസമ്പന്നരായ ഏജന്സികളെ കരാര് അടിസ്ഥാനത്തില് ചുമതലപ്പെടുത്തും.
ശബരിമലയിലെ ശുചിമുറികളുടെ നിലവാരക്കുറവിനെക്കുറിച്ചും അവിടെ നടക്കുന്ന പണപ്പിരിവുകളെക്കുറിച്ചും വ്യാപകമായ പരാതികള് ഉയര്ന്നുവന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്ഡിന്റെ ഈ നിര്ണ്ണായക തീരുമാനം. നിലവില് വെര്ച്വല് ക്യൂ ബുക്കിംഗ് വേളയില് പില്ഗ്രിം റിലീഫ് ഫണ്ടിലേക്ക് സ്വമേധയാ അഞ്ച് രൂപ മുതല് സംഭാവന നല്കാന് സൗകര്യമുണ്ട് (Optional).
ശുചിമുറികളും കുളിമുറികളും സൗജന്യമാക്കുന്ന സാഹചര്യത്തിലും ഭക്തര്ക്ക് ഇച്ഛാനുസരണം അഞ്ച് രൂപ പില്ഗ്രിം റിലീഫ് ഫണ്ടിലേക്ക് സംഭാവനയായി നല്കാന് അവസരമുണ്ടായിരിക്കുന്നതാണ്. എന്നാല് ഈ തുക തികച്ചും ഐച്ഛികമാണ്; ഭക്തര്ക്ക് ഇത് നല്കാനോ നല്കാതിരിക്കാനോ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്, ഇത് യാതൊരു കാരണവശാലും നിര്ബന്ധിതമായി പിരിക്കുന്നതല്ല.
ഇതോടൊപ്പം തന്നെ വരുന്ന മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ്സ് ഗ്രാന്റും ആഭ്യന്തര വകുപ്പ് ഉയര്ത്തിയിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ദിവസേനയുള്ള ഭക്ഷണ ചെലവിലേക്ക് ഇനി 90 രൂപയാണ് കണക്കാക്കുന്നത്.
നിലവില് ഈ മെസ് ഇനത്തില് 79 രൂപയാണ് നല്കിവന്നിരുന്നത്. ഈ സീസണിലേക്ക് ആകെ 3 കോടി 60 ലക്ഷം രൂപയാണ് ഇതിനായി സര്ക്കാര് അനുവദിച്ചിട്ടുള്ളത്.
സന്നിധാനം, പമ്പ, നിലയ്ക്കല്, മണിയാര്, എരുമേലി എന്നീ മേഖലകളില് ഡ്യൂട്ടി നിര്വഹിക്കുന്ന ഉദ്യോഗസ്ഥര്ക്കാണ് ഈ മെസ് സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. 2011-ല് ഉമ്മന്ചാണ്ടി സര്ക്കാരിന്റെ കാലത്താണ് ശബരിമലയിലും പരിസരങ്ങളിലും ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്ക്കായി പ്രത്യേക മെസ് സംവിധാനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

