മലയിൻകീഴ് ∙ സർക്കാർ ആശുപത്രികളിൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് നൽകിവരുന്ന വൈറ്റമിൻ എ സിറപ്പിന് മാസങ്ങളായി കടുത്ത ക്ഷാമം നേരിടുന്നു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ (കെഎംഎസ്സിഎൽ) ഗുരുതരമായ അനാസ്ഥയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്കായി മരുന്നുകൾ സംഭരിക്കാൻ ചുമതലയുള്ള കെഎംഎസ്സിഎൽ നൽകിയ മറുപടി പ്രകാരം, 2025 ജനുവരി 1 മുതൽ 2026 ഓഗസ്റ്റ് 2 വരെ ഈ മരുന്ന് വാങ്ങിയിട്ടില്ല. മരുന്നു വാങ്ങുന്നതിനായി കഴിഞ്ഞ ജൂൺ 2നാണ് ഫണ്ട് അനുവദിച്ചതെങ്കിലും, അതേമാസം 12നാണ് പുതിയ ടെൻഡർ നടപടികൾ ആരംഭിച്ചത്.
എന്നാൽ, വിതരണത്തിനുള്ള ഉത്തരവ് പുറത്തിറങ്ങിയത് ഓഗസ്റ്റ് 3ന് മാത്രമാണ്. ഇതേ തുടർന്ന് പല ജില്ലകളിലും മരുന്ന് എത്തിച്ചേർന്നത് ഈ മാസമാണെന്ന് ആശുപത്രി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
സെപ്റ്റംബർ 30 വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം, മലപ്പുറത്ത് 5490 കുപ്പികളും കോഴിക്കോട്ട് 2934 കുപ്പികളും കണ്ണൂരിൽ 2128 കുപ്പികളും മാത്രമാണ് വിതരണം ചെയ്തത്. മറ്റ് വിവിധ ജില്ലകളിൽ ആയിരത്തിൽ താഴെ കുപ്പികൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
കൂടാതെ, വൈറ്റമിൻ എ മരുന്നിന്റെ ഗുണനിലവാര പരിശോധനയിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടത്തിയ ഗുണനിലവാര പരിശോധനകളുടെ റിപ്പോർട്ടുകൾ ലഭ്യമല്ലെന്നാണ് വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടിയിൽ ഉള്ളത്.
കഴിഞ്ഞ ആറു മാസമായി സംഭരണശാലകളിൽ പരിശോധനകൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും ഈ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

