യൂറോപ്യൻ രാജ്യമായ അൽബേനിയയിൽ സർക്കാരിനെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. തലസ്ഥാന നഗരമായ ടിരാനയിൽ ബുധനാഴ്ച നടന്ന മാർച്ചാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.
പ്രക്ഷോഭത്തിനിടെ അക്രമാസക്തരായ വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് തീയിടുകയും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. രാജ്യത്ത് വിദ്യാഭ്യാസ ചെലവുകൾ കുത്തനെ ഉയർന്നതും സർവകലാശാലകളിലെ മോശം സാഹചര്യങ്ങളും സർക്കാരിന്റെ അഴിമതിയും ചൂണ്ടിക്കാണിച്ചാണ് വിദ്യാർഥികൾ തെരുവിൽ ഇറങ്ങിയത്.
പ്രധാനമന്ത്രി എഡി റമാ രാജിവെക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കറുത്ത വസ്ത്രങ്ങളണിഞ്ഞ് ആയിരക്കണക്കിന് വിദ്യാർഥികളാണ് ടിരാനയിൽ കൂറ്റൻ റാലി സംഘടിപ്പിച്ചത്.
റാലിക്കിടെ മന്ത്രാലയത്തിന് നേരെ കല്ലേറുണ്ടാവുകയും പ്രതിഷേധക്കാർ റോഡിൽ തീയിടുകയും ചെയ്തു. ഇതിനിടയിലാണ് വാഹനങ്ങളും വിദ്യാഭ്യാസ മന്ത്രാലയവും പൂർണ്ണമായി അഗ്നിക്കിരയായത്.
സംഭവസ്ഥലത്തിന് സമീപത്തെ ബാങ്കിനും തീപിടിച്ചിട്ടുണ്ട്. മുൻ ദിവസങ്ങളിലും പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘർഷങ്ങൾ നടന്നിരുന്നു.
ചൊവ്വാഴ്ച രാത്രി തെരുവിൽ സ്ഥാപിച്ച ബാരിക്കേഡുകൾ വിദ്യാർഥികൾ തള്ളിമാറ്റുകയും വ്യാപാര സ്ഥാപനങ്ങളുടെ ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസങ്ങളായി തുടരുന്ന സംഘർഷങ്ങളിൽ ആറ് പൊലീസുകാർക്കും ഒരു മാധ്യമപ്രവർത്തകനും പരിക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി. അൽബേനിയയിലെ സർക്കാർ വിരുദ്ധ പ്രസ്ഥാനമായ ഫ്ലമിങോയുടെ നേതൃത്വത്തിലാണ് ആദ്യം സമരം ആരംഭിച്ചതെങ്കിലും പിന്നീട് വലിയൊരു വിഭാഗം വിദ്യാർഥികൾ ഇതിൽ പങ്കാളികളാവുകയായിരുന്നു.
അതേസമയം, വിദ്യാർഥികൾ അക്രമങ്ങളിൽ നിന്ന് പിന്മാറണമെന്ന് ഉപപ്രധാനമന്ത്രി അൽബാന കൊസിയു അഭ്യർഥിച്ചു. കല്ലെറിയുന്നതും പൊതുമുതൽ നശിപ്പിക്കുന്നതും അപലപനീയമാണെന്നും പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും അക്രമം ഒന്നിനും പരിഹാരമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

