കൊടുങ്ങല്ലൂരിൽ പൊലീസ് മർദനമേറ്റതിനെത്തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന ആരോപണത്തിൽ വഴിത്തിരിവായി പുതിയ തെളിവുകൾ പുറത്തുവന്നു. എറിയാട് പിഎസ്എൻ കവല പഴൂപ്പറമ്പിൽ മുഹമ്മദ് അസ്ലം (18) മരിച്ച സംഭവത്തിൽ, പരാതിക്കാരിയായ പെൺകുട്ടിയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന്റെ ശബ്ദസന്ദേശമാണ് പെൺകുട്ടിയുടെ കുടുംബം പുറത്തുവിട്ടത്.
സുഹൃത്തുക്കളായിരുന്ന കാലത്ത് അസ്ലമുമായി എടുത്ത ഫോട്ടോകളും വിവരങ്ങളും ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുമെന്നും ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി ഇയാൾ പണം ആവശ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ഓഡിയോ സന്ദേശം. തങ്ങളുടെ പരാടിയിൽ ഉറച്ചുനിൽക്കുന്നതായി പെൺകുട്ടിയുടെ കുടുംബം അറിയിച്ചു.
അസ്ലമിനെ പൊലീസ് മൂന്ന് ദിവസം കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദിച്ചുവെന്നാരോപിച്ച് പിതാവ് നൗഷാദ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ കുടുംബം പ്രതിരോധവുമായി എത്തിയത്.
സുഹൃത്തിനയച്ച ശബ്ദസന്ദേശത്തിൽ അസ്ലം പറയുന്നതിങ്ങനെ: ‘അവളുടെ ചേച്ചിയുടെ കയ്യിൽ നിന്നാണെങ്കിൽ 3 ലക്ഷം രൂപ പൈസയായിട്ടു ഞാൻ വാങ്ങിക്കും. നീ നോക്കിക്കോ.
അതിനുള്ള വകുപ്പ് ഞാനുണ്ടാക്കും. ലീക്ക് ആവാണ്ടിരിക്കാൻ അവൾ പൈസ തരും.
ഇവളെക്കാൾ പൈസ ചേച്ചിയുടെ കയ്യിലുണ്ടാകും. ഞാൻ ചിലപ്പോൾ കുറച്ചു കൂട്ടിയും പറയും.
ഉറപ്പല്ലേ.’ ഇതിനിടയിൽ കേസിന്റെ റിമാൻഡ് റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം, പ്രായപൂർത്തിയാകാത്തതിനാൽ ഒന്നാം പ്രതിയായ അസ്ലമിനെ പിതാവിനൊപ്പം വിട്ടയച്ചിരുന്നു.
കേസിലെ രണ്ടാം പ്രതിയും അസ്ലമിന്റെ സഹോദരനുമായ മുഹമ്മദ് സഹലിനെയാണ് അടുത്ത ദിവസം കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡിയിലുള്ള മുഹമ്മദ് സഹലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

