കൊച്ചി: ആലുവയിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ച് പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്ത സംഭവത്തിൽ രണ്ടുപേർ കൂടി പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശി സജാദ്, നെടുമ്പാശ്ശേരി സ്വദേശി ജോബി എന്നിവരാണ് പുതുതായി അറസ്റ്റിലായത്.
കേസിൽ മഞ്ഞപ്പെട്ടി സ്വദേശി സനൽ ചന്ദ്രൻ ഉച്ചയോടെ അറസ്റ്റിലായിരുന്നുവെന്നും ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണെന്നും അധികൃതർ അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ജംബുലിംഗം എന്നറിയപ്പെടുന്ന സുരേഷ് നേരത്തെ തിരുവനന്തപുരത്ത് പിടിയിലായിരുന്നു.
മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങളിലേക്ക് എത്തിച്ചത്. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശിയായ പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നെങ്കിലും സാങ്കേതികമായ കാരണങ്ങളാലാണ് അറസ്റ്റ് വൈകിയത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കോടനാട് സ്വദേശി ജോഫിൻ ജിജു കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
മർദ്ദനത്തിൽ ജോഫിന്റെ വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയിട്ടുണ്ട്. കൂടാതെ മുഖത്തും കഴുത്തിലും സാരമായ പരിക്കുകളുമുണ്ട്.
റെയിൽവേ സ്റ്റേഷന് സമീപമുള്ള ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

