അനുമതിയില്ലാതെ രാജ്യത്ത് വിൽപന നടത്തുന്ന പാക്ക് നിർമിത നിരോധിത സൗന്ദര്യ വർധക ബ്രാൻഡുകൾക്കെതിരെ കേന്ദ്രസർക്കാർ കർശന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മനുഷ്യശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാവുന്ന രാസവസ്തുക്കൾ അടങ്ങിയ ക്രീമുകൾ വിപണിയിലെത്തിക്കുന്ന രണ്ട് പ്രമുഖ ബ്രാൻഡുകൾക്കെതിരെയാണ് നടപടി.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി സുലഭമായി ലഭ്യമാകുന്ന ഈ ഉൽപ്പന്നങ്ങൾ വ്യാജമായി ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന ലേബലിലാണ് രാജ്യത്ത് വ്യാപകമായി വിൽക്കപ്പെടുന്നത്. ഗോരീ ബ്യൂട്ടി ക്രീം, ചാന്ദിനി വൈറ്റ്നിങ് ക്രീം എന്നീ രണ്ട് ബ്രാൻഡുകൾക്കെതിരെയാണ് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നടത്തിയ പരിശോധനകളിൽ ഇവയിൽ അനിയന്ത്രിതമായ അളവിൽ മെർക്കുറി, ലെഡ് തുടങ്ങിയ ഹെവി മെറ്റലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോരീ കോസ്മെറ്റിക്സ്, എസ്.ജെ എന്റർപ്രൈസസ് എന്നീ കമ്പനികളാണ് ഈ സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാതാക്കൾ.
കഴിഞ്ഞ വർഷത്തെ ഓപറേഷൻ സിന്ദൂർ സമയത്ത് പാക്കിസ്ഥാനിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് കേന്ദ്രസർക്കാർ പൂർണ്ണമായി നിരോധിച്ചിരുന്നു. എന്നിട്ടും പാക് നിർമിതമായ പല ഉൽപന്നങ്ങളും വിപണിയിൽ ഇപ്പോഴും സജീവമാണെന്നാണ് കണ്ടെത്തൽ.
ഉപഭോക്താക്കളിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഈ നിരോധിത വസ്തുക്കൾ ഇന്ത്യൻ വിപണിയിൽ കണ്ടെത്തുന്നത് അതീവ ഗൗരവമുള്ള സുരക്ഷാ പ്രശ്നമായാണ് അധികൃതർ വിലയിരുത്തുന്നത്. ഈ ബ്രാൻഡുകൾക്ക് ഇന്ത്യയിലേക്ക് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനും വിപണനം നടത്താനുമുള്ള യാതൊരുവിധ സർട്ടിഫിക്കേഷനും നൽകിയിട്ടില്ലെന്ന് സിഡിഎസ്സിഒ വ്യക്തമാക്കിയിട്ടുണ്ട്.
ഇവ ഉപയോഗിക്കുന്നത് വഴി ഉപഭോക്താക്കളിൽ മാരകമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും നോട്ടിസിൽ ചൂണ്ടിക്കാണിക്കുന്നു. ഓൺലൈൻ വിപണിയിലും പ്രാദേശിക കടകളിലും ഇത്തരം പാക്ക് ബ്യൂട്ടി ബ്രാൻഡുകൾ വ്യാപകമാണ്.
പലതിന്റെയും കവറുകളിൽ നിർമാതാവിന്റെ പേരോ വിവരങ്ങളോ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകില്ല. രാജ്യത്ത് വിൽപനയ്ക്ക് അനുമതിയില്ലാത്ത ഇത്തരം ഉൽപന്നങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഈ ഉൽപന്നങ്ങൾ വിൽക്കുന്നവർ, പരസ്യം ചെയ്യുന്നവർ, കൂടാതെ ഇവ വാങ്ങുന്നവർ എന്നിവർക്കെതിരെയും കർശന നടപടികൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളിൽ നിർമിച്ച സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ നിർമാതാവിന്റെ വിവരങ്ങൾ, ബാച്ച് നമ്പർ, കാലാവധി, രജിസ്ട്രേഷൻ നമ്പർ എന്നിവ കൃത്യമായി പരിശോധിക്കണമെന്ന് സിഡിഎസ്സിഒ നിർദേശിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ നിലവിലുള്ള കർശന നിയമങ്ങളും പരിശോധനകളും അനുവദിക്കുന്നില്ല. ഈ നിയമതടസ്സങ്ങൾ മറികടക്കാൻ വളഞ്ഞ വഴിയിലൂടെയാണ് ഇവ രാജ്യത്ത് എത്തിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ആദ്യം പാക്കിസ്ഥാനിൽ നിന്ന് ഇത്തരം ഉൽപന്നങ്ങൾ യുഎഇ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് എത്തിക്കും. അവിടെവെച്ച് റീലേബലിങ് നടത്തിയ ശേഷമാണ് പിന്നീട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
ഈ രീതിയിലൂടെ ഉൽപന്നം ഉൽപാദിപ്പിച്ച യഥാർത്ഥ രാജ്യം ഏതാണെന്ന് വ്യക്തമാക്കുന്ന ‘കൺട്രി ഓഫ് ഓർജിൻ’ മറച്ചുവെക്കാൻ സാധിക്കും. സമാനമായ രീതിയിൽ അനധികൃതമായി യുഎഇ വഴി ഇന്ത്യയിലേക്ക് കടത്തിയ ഈന്തപ്പഴം അടക്കമുള്ള വസ്തുക്കൾ കഴിഞ്ഞ വർഷം കസ്റ്റംസ് വകുപ്പ് പിടികൂടിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന ഏജൻസികൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

