ദുബായിലേക്ക് ഹവാല പണം അയച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സുബൈർ കരുവൻപൊയിൽ രംഗത്ത്. മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴിയിൽ പരാമർശിക്കപ്പെട്ട
ഏജന്റാണ് താനെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. തനിക്കെതിരെയുള്ള ഹവാല ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തറവാട്ടു വീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ടൈസ് വാങ്ങുന്നതിനാണ് പന്തീരാങ്കാവിലെ ക്യാപിറ്റൽ ടൈൽസ് ഉടമയായ ഹസ്സൻ വാരിസിനെ ഒരു സുഹൃത്ത് വഴി പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് തുടർന്നുവെങ്കിലും, ആരോപിക്കപ്പെടുന്നത് പോലെ യാതൊരുവിധ ഹവാല ഇടപാടുകളും തങ്ങൾക്കിടയിൽ നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ജൂൺ, ജൂലൈ മാസങ്ങളിൽ റിയാസിന്റെ നിർദേശപ്രകാരം ചില വ്യക്തികൾ തന്റെ ഓഫിസിൽ പണം എത്തിച്ചിരുന്നുവെന്നും, ഇത് ഹവാല ഏജന്റായ സുബൈർ കരുവൻപൊയിൽ വഴി ദുബായിലേക്ക് വി.പി.
ഫൈജാസിന് അയച്ചുനൽകിയെന്നുമാണ് ഹസ്സൻ വാരിസിന്റെ മൊഴിയിലുള്ളത്. 2024 ജൂലൈയിൽ നാലു തവണയും, 2025 ജൂലൈയിൽ ഒരു തവണയുമായി ഹവാല ഇടപാടിലൂടെ 1.2 കോടി രൂപ അയച്ചുവെന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
ഫൈജാസ്, സുബൈർ എന്നിവരുമായി വാരിസ് നടത്തിയ വാട്സാപ് ചാറ്റുകൾ റെയ്ഡിൽ കണ്ടെടുത്തതായും അവ തന്റേതുതന്നെയെന്ന് വാരിസ് എഴുതി ഒപ്പിട്ടുനൽകിയതായും ഇ.ഡി ചൂണ്ടിക്കാണിക്കുന്നു. ‘ഡിഎക്സ്ബി സുബൈർ കൊടുവള്ളി ഹവ’ എന്ന പേരിലാണ് സുബൈറിന്റെ പേര് വാരിസ് തന്റെ ഫോണിൽ സേവ് ചെയ്തിരുന്നതെന്നും വ്യക്തമാക്കപ്പെടുന്നു.
എന്നാൽ താൻ ഹവാല ഇടപാടുകൾ ഒന്നും തന്നെ നടത്തുന്നില്ലെന്നും, ദുബായിൽ നേരത്തെ സൂപ്പർമാർക്കറ്റ് നടത്തിയിരുന്നുവെന്നും നിലവിൽ പ്രത്യേകിച്ച് ജോലികളൊന്നുമില്ലാതെ നാട്ടിൽ തുടരുകയാണെന്നും സുബൈർ കരുവൻപൊയിൽ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

