മാവേലിക്കര നഗരമധ്യത്തിലെ പച്ചക്കറിക്കട കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പ്രതി ഒടുവിൽ നിയമത്തിന് മുന്നിൽ.
തോട്ടപ്പള്ളി ഒറ്റപ്പന പുത്തൻപുര വീട്ടിൽ ഷഫീക്കിനെയാണ് മാവേലിക്കര പൊലീസും ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും ചേർന്ന് തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 31ന് അർധരാത്രിയോടെയായിരുന്നു സംഭവം.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ പച്ചക്കറിക്കടയുടെ പൂട്ട് തകർത്ത് അകത്തുകടന്ന ഇയാൾ ഏകദേശം 25,000 രൂപയാണ് മോഷ്ടിച്ചത്. കൃത്യത്തിന് ശേഷം അതിവേഗം കോഴിക്കോട്ടേക്ക് രക്ഷപ്പെട്ട
പ്രതി, അവിടെനിന്നും തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. ചെന്നൈ, വേളാങ്കണ്ണി, നാഗർകോവിൽ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ.
മാർത്താണ്ഡത്ത് എത്തിയ ശേഷം തൃപ്പരപ്പിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ വളഞ്ഞുപിടിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കായംകുളം പുള്ളിക്കണക്ക് ഭാഗത്തുനിന്ന് ഒരു സ്കൂട്ടർ മോഷ്ടിച്ച വിവരവും പ്രതി പൊലീസിന് മുന്നിൽ സമ്മതിച്ചു.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെയുടെ കർശന നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബി, മാവേലിക്കര സിഐ ദ്വിജേഷ് എസ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു കേസിന്റെ അന്വേഷണം പുരോഗമിച്ചത്. ആധുനിക ശാസ്ത്രീയ അന്വേഷണ രീതികളും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ പരിശോധനകളുമാണ് പ്രതിയിലേക്ക് എത്തിച്ചേരാൻ പൊലീസിനെ സഹായിച്ചത്.
മാവേലിക്കര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സബിത ശിവദാസ്, എസ്ഐ അംജത്ത് ഖാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, രമ്യ, സിവിൽ പോലീസ് ഓഫീസർമാരായ ജിഷ്ണു ആർ, ശ്യാം രാജ്, അനന്തമൂർത്തി വി എസ് എന്നിവരടങ്ങിയ സംഘമാണ് സാഹസികമായി പ്രതിയെ പിടികൂടിയത്. തുടർന്ന് അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയ ശേഷം പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

