തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവൃത്തികൾക്ക് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ തുടക്കം കുറിച്ചു. കാഞ്ഞിരംപാറ പെട്രോൾ പമ്പിന് സമീപം സംഘടിച്ച ചടങ്ങിൽ പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്യപ്പെട്ട ഈ പദ്ധതിയിൽ പിന്നീട് ചില മാറ്റങ്ങൾ വന്നിരുന്നെങ്കിലും, യാതൊരുവിധ കാലതാമസവുമില്ലാതെ സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ആകെ 73.61 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ശാസ്തംഗലം- മണ്ണറക്കോണം, തോപ്പുമുക്ക് – വട്ടിയൂർക്കാവ് റോഡ്, മണ്ണറക്കോണം – പേരൂർക്കട
റോഡ്, മണ്ണറക്കോണം ജംഗ്ഷൻ വികസനം എന്നിവ ഉൾപ്പെടുന്ന 7.215 കിലോമീറ്റർ റോഡിന്റെ വികസന പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഏറ്റെടുത്തിരിക്കുന്ന സ്ഥലങ്ങളിലെ റോഡിന്റെ ഇരുവശങ്ങളിലും ഓടകളുടെ നിർമാണം, ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികൾ, കലുങ്കുകൾ എന്നിവയുടെ പണികൾ ഇതിന്റെ ഭാഗമായി നടക്കും.
കൂടാതെ വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ കണക്ഷനുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഇതിനായി കെ.എസ്.ഇ.ബി ലൈനുകൾ മാറ്റി സ്ഥാപിക്കാൻ 6.46 കോടി രൂപയും കേരള വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികൾക്കായി 6.93 കോടി രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്.
നിലവിൽ 7 മുതൽ 10 മീറ്റർ വരെ മാത്രം വീതിയുള്ള റോഡുകളാണ് 18.5 മീറ്റർ വീതിയുള്ള ഉന്നത നിലവാരത്തിലേക്ക് നവീകരിക്കുന്നത്. പൊതുഗതാഗതത്തിന് പരമാവധി തടസ്സങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി റോഡിന്റെ ഓരോ വശത്തുമുള്ള നിർമാണങ്ങൾ ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുന്നത്.
കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മനേജ്മെന്റ് യൂണിറ്റിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല.
ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഈ നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കൗൺസിലർമാരായ വിഷ്ണു മോഹൻ, സുമി ബാലു, നന്ദഭാർഗവ്, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വിമൽ പി.ബി, അസി.എക്സിക്യൂട്ടീവ് എൻജിനീയർ ബിനു.യു, പ്രോജക്ട് എൻജിനീയർ ശരത്ചന്ദ്രൻ സി എന്നിവർക്കൊപ്പം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

