ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ ജീവനഷ്ടം വീണ്ടും വർധിച്ചു. അപകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ എട്ടായി ഉയർന്നു.
മായാപൂരിലെ (പിപാൽക്കോട്ടി) THDC പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരുന്ന തുരങ്കത്തിലേക്ക് അവശിഷ്ടങ്ങളും വെള്ളവും ഇരച്ചുകയറിയതിനെത്തുടർന്ന് തൊഴിലാളികളടക്കം കുടുങ്ങുകയായിരുന്നു. വ്യാഴാഴ്ചയാണ് ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം ഉണ്ടായത്.
അപകടത്തിൽ കാണാതായ രണ്ടുപേർക്കായുള്ള ഊർജിതമായ തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രദേശത്തെ പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പ്രതിസന്ധികൾ തരണം ചെയ്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

