കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് അരങ്ങുണരുമ്പോൾ ആദ്യ കിരീടമെന്ന ലക്ഷ്യത്തിലേക്കുള്ള പടയൊരുക്കത്തിലാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ്. മുൻകാല സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ആദ്യ സീസണിൽ ഫൈനലിലും രണ്ടാം സീസണിൽ സെമി ഫൈനലിലും ടീം പുറത്താകുകയായിരുന്നു.
മലബാറിലെ കായികപ്രേമികളുടെ ആവേശവും പിന്തുണയും കരുത്താക്കി കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഇത്തവണ കാലിക്കറ്റ് ഇറങ്ങുന്നത്. അനുഭവസമ്പന്നരായ മുതിർന്ന താരങ്ങളും യുവപ്രതിഭകളും സമന്വയിക്കുന്ന ശക്തമായൊരു നിരയാണ് ഇത്തവണ കാലിക്കറ്റിന്റേത്.
കഴിഞ്ഞ സീസണുകളിൽ ടീമിന് കരുത്ത് പകര്‍ന്ന രോഹന് കുന്നുമ്മല്‍, സല്മാന് നിസാര്‍, അഖില്‍ സ്കറിയ തുടങ്ങിയ താരങ്ങൾ ഇത്തവണയും ഗ്ലോബ് സ്റ്റാര്സിനൊപ്പമുണ്ട്. ഏത് മികച്ച ബൗളിങ് നിരയ്ക്കെതിരെയും തകര്‍പ്പന്‍ തുടക്കം നല്കാന് ശേഷിയുള്ള താരമാണ് നായകനായ രോഹൻ കുന്നുമ്മൽ.
രോഹൻ നൽകുന്ന അതിവേഗ തുടക്കങ്ങൾക്കൊടുവിൽ മധ്യനിരയ്ക്ക് കരുത്തും സ്ഥിരതയും പകരാൻ സൽമാൻ നിസാറിനെയും അഖിൽ സ്കറിയയെയും പോലുള്ള താരങ്ങളുമുണ്ട്. ഇവർക്കൊപ്പം വരുണ്‍ നയനാര്‍, മുഹമ്മദ് കൈഫ്, അബ്ദുള്‍ ബാസിത് എന്നിവർ കൂടിയെത്തിയതോടെ ലീഗിലെ ഏറ്റവും അപകടകാരികളായ ബാറ്റിങ് നിരയിലൊന്നായി കാലിക്കറ്റ് മാറിയിട്ടുണ്ട്.
ഇതിനുപുറമെ ഫിനിഷറുടെ റോളിൽ കൃഷ്ണദേവനും ടീമിലുണ്ട്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മത്സരത്തിന്റെ ഗതി മാറ്റാൻ പോന്ന മികച്ച ഓള്‍റൗണ്ടർമാരാണ് അഖിൽ സ്കറിയയും അബ്ദുൽ ബാസിതും.
കഴിഞ്ഞ സീസണിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് അഖിൽ സ്കറിയ.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്ന അബ്ദുൽ ബാസിത് ട്രിവാണ്ട്രം റോയൽസിൽ നിന്നാണ് കാലിക്കറ്റിലെത്തുന്നത്. വേഗത കൊണ്ടും കൃത്യത കൊണ്ടും എതിരാളികളെ പ്രതിരോധത്തിലാക്കാൻ കഴിയുന്നൊരു പേസ് ബൗളിങ് നിരയാണ് ഇത്തവണ കാലിക്കറ്റിന്റേത്.
കഴിഞ്ഞ രണ്ട് സീസണുകളിലും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുന്നിലെത്തിയ അഖിൽ സ്കറിയ തന്നെയാണ് ഇത്തവണയും ടീമിന്റെ പ്രധാന ആയുധം. വേഗം കൊണ്ട് ബാറ്റർമാരെ വിറപ്പിക്കുന്ന അഖിന് സത്താര്‍, ഇബ്നുല്‍ അഫ്താബ് തുടങ്ങിയ താരങ്ങൾക്കൊൊപ്പം വിഘ്നേഷ് പുത്തൂര്‍, ഹരികൃഷ്ണന്, അഫ്രാദ് എന്നിവരടങ്ങുന്ന സ്പിൻ സഖ്യം കൂടി ചേരുമ്പോൾ വൈവിധ്യമാർന്ന ബൗളിങ് ലൈനപ്പാണ് ടീമിനുള്ളത്.
ബിജുമോനാണ് ഇത്തവണ ടീമിന്റെ മുഖ്യപരിശീലകൻ. ഡേവിഡ് ചെറിയാന് അസിസ്റ്റന്റ് കോച്ചായും സുമേഷ് എം എസ് ഫീൽഡിങ് കോച്ചായും ഹരി ആര് വാര്യര്‍ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായും ടീമിനൊപ്പമുണ്ട്.
രാകേഷ് ബി മേനോൻ (പെർഫോമൻസ് അനലിസ്റ്റ്), ഷോൺ ആന്റണി (ടീം ഫിസിയോ), വിഷ്ണുദാസ് (ടീം മാനേജർ), യു അച്യുതൻ (ടീം മെന്റർ) എന്നിവരാണ് സപ്പോർട്ട് സ്റ്റാഫംഗങ്ങൾ. സഞ്ജു മുഹമ്മദാണ് ടീം ഉടമ.
ടൂണർമെന്റിൽ അണിനിരക്കുന്ന മുഴുവൻ അംഗങ്ങൾ: രോഹൻ കുന്നുമ്മൽ (ക്യാപ്റ്റൻ), സൽമാൻ നിസാർ, അഖിൽ സ്കറിയ, വിഘ്നേഷ് പുത്തൂർ, വരുൺ നയനാർ, അഖിൻ സത്താർ, അബ്ദുൽ ബാസിത്, ഹരികൃഷ്ണൻ എം.യു, അശ്വിൻ ആനന്ദ്, മുഹമ്മദ് കൈഫ്, അരവിന്ദ് കെ.എസ്, കൃഷ്ണദേവൻ, അഫ്രാദ് എൻ, ഇബ്നുൽ അഫ്താബ്, റഹാൻ റഹീം, ആതിഫ് ബിൻ അഷ്റഫ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

