ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമായ തലങ്ങളിലേക്ക് നീങ്ങുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ ഭാഗമായി (യുഎസ് ടെറിട്ടറി) യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.
നിലവിൽ ഈ മേഖലയുടെ പൂർണ്ണ നിയന്ത്രണം തങ്ങളുടെ സൈന്യം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് അമേരിക്കയുടെ അവകാശവാദം. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഈ നിർണ്ണായക പ്രസ്താവനയുണ്ടായത്.
ഈ യുദ്ധത്തിൽ ഇറാൻ പരാജയപ്പെടുമെന്നും ഹോർമുസ് അമേരിക്കൻ ഭൂപ്രദേശമായി മാറുമെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി. ഹോർമുസിന്റെ പേര് ‘അമേരിക്കൻ കടലിടുക്ക്’ എന്ന് മാറ്റുമെന്നും അദ്ദേഹം ആവർത്തിച്ചു.
ഇറാന് മേലുള്ള ഉപരോധങ്ങൾ ശക്തമാക്കുമെന്നും ഒരിക്കലും അവരെ ആണവശക്തിയാകാൻ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ട്രംപിന്റെ പ്രഖ്യാപനങ്ങൾ വെറും അതിമോഹം മാത്രമാണെന്നാണ് ഇറാന്റെ പ്രതികരണം.
ഹോർമുസ് കടലിടുക്ക് അന്നും ഇന്നും എന്നും ഇറാന്റെ സ്വന്തമാണെന്നും രാജ്യത്തിന്റെ അനുമതിയില്ലാതെ ഒരു കപ്പലും ആ വഴി കടന്നുപോവില്ലെന്നും ഇറാൻ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഖാരിബാബദി വ്യക്തമാക്കി. യഥാർത്ഥത്തിൽ ഈ യുദ്ധത്തിൽ തോറ്റത് അമേരിക്കയാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഹോർമുസ് കടലിടുക്ക് തുറക്കണോ അടയ്ക്കണോ എന്ന് ഇറാൻ മാത്രമായിരിക്കും തീരുമാനിക്കുകയെന്നും, അമേരിക്ക അവരുടെ തോൽവി അംഗീകരിക്കുന്നതിന് അനുസൃതമായി മാത്രമായിരിക്കും ഇറാന്റെ ഭാവി നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഘർഷങ്ങളുടെ വ്യാപ്തി ഇപ്പോൾ ‘ബ്രിക്സ്’ കൂട്ടായ്മയിലേക്കും വ്യാപിക്കുകയാണ്.
ബ്രസീൽ, ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് ഒരു അമേരിക്കാ വിരുദ്ധ, ഡോളർ വിരുദ്ധ ചേരിയാണെന്ന് ട്രംപ് മുൻപ് തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. ട്രംപിനെ കൂടുതൽ പ്രകോപിപ്പിക്കുന്ന നിലപാടുകളാണ് ഇറാൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
നിലവിൽ ഇറാനും യുഎഇയും ഈജിപ്തും ബ്രിക്സ് അംഗങ്ങളാണ്. അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാൻ, ബ്രിക്സ് രൂപീകരിച്ച ‘ന്യൂ ഡവലപ്മെന്റ് ബാങ്കി’ൽ (എൻഡിബി) അംഗത്വം നേടാനുള്ള തീവ്ര ശ്രമത്തിലാണ്.
കയറ്റുമതിക്കും വിദേശ കറൻസി ഇടപാടുകൾക്കും നിലവിലുള്ള തടസ്സങ്ങൾ മറികടക്കാൻ ബ്രിക്സ് ബാങ്കിന്റെ അംഗത്വത്തിലൂടെ സാധിക്കുമെന്നാണ് ഇറാൻ കണക്കുകൂട്ടുന്നത്. അടിസ്ഥാനസൗകര്യ വികസനം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിലെ വായ്പാ സഹായങ്ങൾ ഇറാന് വലിയ ആശ്വാസമാകും.
ഇതിന്റെ ഭാഗമായി ഇറാൻ കേന്ദ്രബാങ്കിന്റെ ഗവർണർ അബ്ദുൽ നാസർ ഹെമ്മതി ബ്രിക്സ് ധനകാര്യ മന്ത്രിമാരുമായുള്ള ചർച്ചകൾക്കായി നിലവിൽ ഇന്ത്യയിലാണുള്ളത്. കൂടാതെ, വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഇന്ത്യയിലെത്തുന്നുണ്ട്.
സെപ്റ്റംബർ 12, 13 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിൽ അദ്ദേഹം സംബന്ധിക്കും. ഇറാൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
ഹോർമുസ് കടലിടുക്ക് അടഞ്ഞത് ഇന്ത്യ-ഇറാൻ വാണിജ്യ ബന്ധങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കൽ, ബ്രിക്സ് ബാങ്ക് അംഗത്വം, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചബഹാർ തുറമുഖത്തിന്റെ ഭാവി എന്നിവയെല്ലാം പെസെഷ്കിയാന്റെ സന്ദർശനവേളയിൽ പ്രധാന ചർച്ചാവിഷയമാകും.
അമേരിക്കയുമായുള്ള വെടിനിർത്തൽ ചർച്ചകളിലെ പുരോഗതിയും ഈ സന്ദർശനത്തിൽ വിലയിരുത്തപ്പെടും. 2024ൽ റഷ്യയിൽ വെച്ച് നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെസെഷ്കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇക്കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി മോദി നേരിട്ട് ഫോണിൽ വിളിച്ചു നൽകിയ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. 2024ൽ ആണ് ഇറാൻ ബ്രിക്സ് കൂട്ടായ്മയുടെ ഔദ്യോഗിക അംഗമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

