പാലക്കാട് ജില്ലയിൽ സിഎംപിയുമായുള്ള ലയന പ്രഖ്യാപനത്തിന് പിന്നാലെ, പി.കെ. ശശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ടിൽ (ഡിഎംഎഫ്) ചേർന്ന നേതാക്കളും പ്രവർത്തകരും പാർട്ടിയിലേക്ക് മടങ്ങിയെത്തി.
ഡിഎംഎഫ് പാലക്കാട് മണ്ഡലം സെക്രട്ടറി മുഹമ്മദ് റാസിക്കും മണ്ഡലം പ്രസിഡന്റ് സെലീന ബീവിയും ഉൾപ്പെടെ മുപ്പതോളം പേരാണ് സംഘടനയിൽ നിന്നും പിരിഞ്ഞ് സിപിഎമ്മിൽ വീണ്ടും അംഗത്വം സ്വീകരിച്ചത്. ഇവർക്കൊപ്പം നേരത്തെ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് ബന്ധം ഉപേക്ഷിച്ച വാർഡ് കൗൺസിലർ അബ്ദുൾ ഷുക്കൂറും സിപിഎമ്മുമായി വീണ്ടും സഹകരിക്കാൻ തീരുമാനിച്ചു.
സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൾ ഷുക്കൂർ, ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനങ്ങളുയർത്തിയാണ് നേരത്തെ പാർട്ടിയിൽ നിന്ന് അകന്നത്.
കഴിഞ്ഞ മേയ് മാസത്തിൽ നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ഇ.എൻ. സുരേഷ് ബാബുവുമായി ഉണ്ടായ തർക്കങ്ങളാണ് പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
തുടർന്ന് പി.കെ. ശശി ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സന്ദർശിച്ച് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും, മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നു.
ഇതിനിടെയാണ് അബ്ദുൾ ഷുക്കൂറിന്റെ സഹോദരിയും മുൻ വാർഡ് കൗൺസിലറുമായ സെലീന ബീവിയുടെ നേതൃത്വത്തിൽ ഡിഎംഎഫ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ, ഇന്നലെ രാത്രിയിൽ അബ്ദുൾ ഷുക്കൂർ, സെലീന ബീവി, മുഹമ്മദ് റാസിക്ക് എന്നിവർ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ഇ.എൻ.
സുരേഷ് ബാബുവുമായി ഒരു മണിക്കൂർ നീണ്ട ചർച്ച നടത്തി.
ചർച്ചയ്ക്ക് ശേഷം ഇവർ ഇ.എൻ. സുരേഷ് ബാബുവിനൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി പാർട്ടിയിലേക്ക് മടങ്ങുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചു.
“ചില തെറ്റിദ്ധാരണകളാണു പാർട്ടിയിൽ നിന്ന് അകന്നതിനു കാരണമെന്നും അതു മാറിയെന്നും ഇരട്ടിവീര്യത്തോടെ പാർട്ടിയുമായി ചേർന്നു പ്രവർത്തിക്കുമെന്നും” അബ്ദുൾ ഷുക്കൂർ വ്യക്തമാക്കി. ഡിഎംഎഫ് സിഎംപിയിൽ ലയിച്ചതിലുള്ള അതൃപ്തിയാണ് തിരിച്ചുപോക്കിന് കാരണമെന്ന് മുഹമ്മദ് റാസിക്ക് പ്രതികരിച്ചു.
“സിപിഎം വിട്ടവർ രൂപീകരിച്ചതാണ് ഡിഎംഎഫ് എന്നാണ് പറഞ്ഞത്. അവസാനം പോയതു സിഎംപിയിലേക്കും.
ഈ മാറ്റത്തിനു താൽപര്യമില്ലെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചവരെ നടപടികളില്ലാതെ തിരിച്ചെടുത്തതിൽ സിപിഎം പ്രാദേശിക തലത്തിൽ ഒരു വിഭാഗം പ്രവർത്തകർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

