കള്ളാടിയിൽ അടുത്തിടെയുണ്ടായ മണ്ണിടിച്ചിൽ വയനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ പല ഭാഗങ്ങളിലും സുരക്ഷിതമാണെന്നിരിക്കെ, വയനാട് മുഴുവൻ അപകടത്തിലാണെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ വിനോദസഞ്ചാരികളെ അകറ്റുന്നതായി ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ചൂരൽമല–മുണ്ടക്കൈ ദുരന്ത വേളയിൽ പുറത്തുനിന്നെത്തിയവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ദൃശ്യങ്ങളും ഈ തെറ്റിദ്ധാരണ വർധിപ്പിച്ചിട്ടുണ്ട്.
ടൂറിസ്റ്റ് വാഹനങ്ങൾ കട്ടപ്പുറത്ത് സാധാരണയായി ജൂൺ, ജൂലൈ മാസങ്ങൾ വിനോദസഞ്ചാര മേഖലയിൽ ഓഫ് സീസൺ ആണെങ്കിലും, മൺസൂൺ ടൂറിസം ലക്ഷ്യമിട്ട് നിരവധി സഞ്ചാരികൾ വയനാട്ടിലെത്താറുണ്ട്. എന്നാൽ, കള്ളാടിയിലെ സംഭവങ്ങൾ ദേശീയ മാധ്യമങ്ങളിൽ ഇടംപിടിച്ചതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് നിലച്ചു.
മൈസൂരു, കോഴിക്കോട് വിമാനത്താവളങ്ങൾ വഴി എത്തുന്ന വടക്കേ ഇന്ത്യൻ സഞ്ചാരികളെയും തമിഴ്നാട്ടിൽ നിന്നുള്ളവരെയും ആശ്രയിച്ചാണ് ഇവിടുത്തെ ടാക്സി-ബസ് മേഖല നിലനിൽക്കുന്നത്. സഞ്ചാരികൾ ഇല്ലാതായതോടെ ഭൂരിഭാഗം വാഹനങ്ങളും സർവീസ് നിർത്തി വെച്ചിരിക്കുകയാണ്.
ടൂറിസ്റ്റ് ടാക്സി, ബസ് ഉടമയായ മുഹമ്മദ് നജീബ് പറയുന്നു: ‘വാടകവീട്ടിൽ കഴിയുന്ന തൊഴിലാളികളാണ് എനിക്കുള്ളത്. അവരുടെ നിത്യച്ചെലവു പോലും നോക്കാൻ കഴിയുന്നില്ല.
വാഹനങ്ങളെടുത്തതിന്റെ ലോൺ തിരിച്ചടവിനു ഭീമമായ തുകയാണ് വേണ്ടിവരുന്നത്. നിലവിലെ സാഹചര്യത്തിനു പരിഹാരം വേണം’ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ശൂന്യം കഴിഞ്ഞ 7-ാം തീയതി കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനു ശേഷം ജില്ലയിലെ പ്രധാന ആകർഷണങ്ങളായ എടയ്ക്കൽ ഗുഹ, കുറുവ ദ്വീപ് എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾ ആരും എത്തിയിട്ടില്ലെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
പൂക്കോട് തടാകം, കാന്തൻപാറ വെള്ളച്ചാട്ടം, കറലാട് തടാകം തുടങ്ങിയ ഇടങ്ങളിലും സന്ദർശകരുടെ എണ്ണത്തിൽ വൻ കുറവുണ്ടായിട്ടുണ്ട്. ഇത് ചെറുകിട
കച്ചവടക്കാരെയും ഭക്ഷണശാലകളെയും പ്രതിസന്ധിയിലാക്കി. വയനാട് ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി സുരജിത്ത് രാധാകൃഷ്ണൻ പറയുന്നതിങ്ങനെ: ‘റിസോർട്ടുകളിലും ഹോട്ടലുകളിലുമെല്ലാം മാസങ്ങൾക്കു മുൻപ് മുറി ബുക്ക് ചെയ്തവർ ക്യാൻസൽ ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്.
ക്യാൻസൽ ചെയ്യുന്നതിൽ വടക്കേ ഇന്ത്യക്കാരാണ് കൂടുതലും. കഴിഞ്ഞ നാല്–അഞ്ച് ദിവസങ്ങളിലായി 60 ശതമാനത്തോളം ബുക്കിങ്ങാണ് ക്യാൻസൽ ചെയ്തത്’ കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം വേണം ജില്ലാടിസ്ഥാനത്തിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോൾ വയനാട്ടിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടേണ്ടി വരുന്നത് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് ടൂറിസം മേഖലയിലുള്ളവർ പറയുന്നു.
വയനാടിന്റെ ഭൂപ്രകൃതിയിൽ വ്യത്യസ്ത മേഖലകളിൽ മഴയുടെ അളവിൽ വലിയ വ്യത്യാസമുണ്ട്. അതിനാൽ, പഞ്ചായത്തുതലത്തിൽ കാലാവസ്ഥാ അലർട്ടുകൾ പുറപ്പെടുവിക്കാൻ സർക്കാർ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം.
വിനോദസഞ്ചാരികളുടെ ആശങ്കകൾ മാറ്റാനും മേഖലയെ പുനരുജ്ജീവിപ്പിക്കാനും അടിയന്തര ഇടപെടൽ അനിവാര്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

