സംസ്ഥാനത്ത് കനത്ത മഴ വലിയതോതിൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ചെങ്കിലും യാതൊരു തടസ്സവുമകൂടാതെ സർവീസ് നടത്തി മാതൃകയായിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. വെള്ളക്കെട്ട് കാരണം ട്രെയിനുകൾ പിടിച്ചിടുന്നതോ സർവീസ് വൈകുന്നതോ ഇത്തവണ ഒഴിവാക്കാനായത് വലിയൊരു നേട്ടമാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് വ്യക്തമാക്കി.
മുൻകാലങ്ങളിലെ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയതാണ് ഇത്തവണത്തെ ഈ വിജയത്തിന് കാരണമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. നീർച്ചാലുകളുടെ ഒഴുക്കിന് തടസ്സമുണ്ടാക്കാതെ കൃത്യമായ രീതിയിൽ കാനകൾ നിർമിച്ചതും, വെള്ളം സുഗമമായി ഒഴുകിപ്പോകാൻ ഭൂഗർഭ പാതകൾ ഒരുക്കിയതും റെയിൽവേയുടെ ഭാഗത്തുനിന്നുള്ള മികച്ച നീക്കമായി.
മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ ചെയിൻ ലിങ്ക് സ്ഥാപിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് ഭിത്തികൾ നിർമിക്കുകയും ചെയ്തുകൊണ്ട് ദക്ഷിണ റെയിൽവേയുടെ സാങ്കേതിക വിഭാഗം ഒത്തൊരുമയോടെയാണ് പ്രവർത്തിച്ചത്. ഇത് ദുരന്ത സാധ്യതകൾ ഒഴിവാക്കുന്നതിനൊപ്പം യാതൊരു തടസ്സവുമില്ലാതെ ട്രെയിൻ സർവീസുകൾ പൂർത്തീകരിക്കാനും റെയിൽവേക്ക് സഹായകരമായി.
ഇതിനുപുറമെ, റെയിൽവേ ട്രാക്കിന് സമീപം നിന്നിരുന്ന വലിയ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റുന്നതിനും കാടുകൾ വെട്ടിത്തെളിക്കുന്നതിനും സമയബന്ധിതമായി നടപടി സ്വീകരിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡ് ഗതാഗതം പൂർണ്ണമായും സ്തംഭിച്ച സാഹചര്യത്തിലും റെയിൽവേ യാത്രക്കാരുടെ വിശ്വാസം പൂർണമായും സംരക്ഷിച്ചു.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ടെക്നിക്കൽ വിഭാഗം പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും അസോസിയേഷൻ ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

