കണ്ണൂർ: എൻസിപി (ശരദ് പവാർ വിഭാഗം) ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. തങ്ങൾ ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ ഇത്തരമൊരു വ്യാജ പ്രചാരണം നടത്തിയതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി എൻസിപി സംസ്ഥാന നേതൃത്വം രംഗത്തെത്തി.
സംഭവത്തിൽ കർശനമായ നടപടി വേണമെന്ന് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എം പി മുരളി ആവശ്യപ്പെട്ടു. “ഘടക കക്ഷിയായ തങ്ങളെ കുറിച്ച് ഇങ്ങനെ പരാമർശം ഉണ്ടായത് പ്രതിഷേധാർഹമാണ്.
ബിജെപിക്ക് എതിരെ നിൽക്കുന്നുവെന്നു പറയുന്ന സിപിഎം ആണ് ഇങ്ങനെ താറടിച്ചു കാണിച്ചത്. കോൺഗ്രസോ ലീഗോ ആണ് പറഞ്ഞതെങ്കിൽ പ്രശ്നമില്ലായിരുന്നു.
ശ്രദ്ധിക്കാതെയാണ് ഇതെല്ലാം ചെയ്തതെന്നു വിശ്വസിക്കുന്നില്ല,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ പി സി ചാക്കോ നേരിട്ട് കെ കെ രാഗേഷിനെ വിളിച്ച് അതൃപ്തി അറിയിച്ചിട്ടുണ്ട്.
‘എൻസിപിയിൽ താമര വിരിയുമോ? ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) പിളർന്നേക്കും, ബിജെപി സഖ്യത്തിലേക്കെന്ന് സൂചന’ എന്ന തലക്കെട്ടോടെയായിരുന്നു സിപിഐഎം കണ്ണൂർ എന്ന പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എൻസിപി (ശരദ് പവാർ) പക്ഷത്തെ പിളർത്താൻ ബിജെപി നീക്കം നടത്തുന്നതായി ദേശീയ തലത്തിൽ ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് സിപിഎം ജില്ലാ നേതൃത്വം വിവാദ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. തങ്ങളുടെ മുന്നണിയിലുള്ള ഒരു ഘടകകക്ഷിയോട് ഇത്തരത്തിൽ ചോദ്യം ഉന്നയിച്ചത് വിചിത്രവും അനുചിതവുമായ നടപടിയാണെന്ന് എൻസിപി കേന്ദ്രങ്ങളിൽ അഭിപ്രായമുയർന്നു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം ഫേസ്ബുക്ക് പോസ്റ്റ് പേജിൽ നിന്നും നീക്കം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

