തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള മെമു സർവീസുകളിൽ മുന്നറിയിപ്പില്ലാതെ കോച്ചുകൾ വെട്ടിക്കുറച്ച നടപടി യാത്രക്കാർക്ക് വലിയ പ്രതിസന്ധിയായി മാറുന്നു. നിലവിൽ 16 കോച്ചുകൾ സർവീസ് നടത്തേണ്ട
സ്ഥാനത്ത് 12 കോച്ചുകളും, 12 കോച്ചുകൾ വേണ്ടുന്ന സർവീസുകളിൽ 8 കോച്ചുകൾ മാത്രവുമാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ആലപ്പുഴ, കോട്ടയം വഴിയുള്ള കൊല്ലം–എറണാകുളം മെമു ട്രെയിനുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ട്രെയിനുകളിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത സാഹചര്യം നിലനിൽക്കുമ്പോഴും, നിലവിലുള്ള കോച്ചുകൾ വർദ്ധിപ്പിക്കാനോ പുതിയ ട്രെയിനുകൾ അനുവദിക്കാനോ റെയിൽവേ അധികൃതർ തയ്യാറാകുന്നില്ല. വാർഷിക അറ്റകുറ്റപ്പണികൾക്കായി മെമു റേക്കുകൾ ചെന്നൈയിലേക്ക് അയക്കുമ്പോൾ, പകരം ഉപയോഗിക്കാൻ സ്പെയർ റേക്കുകൾ ലഭ്യമല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ചെന്നൈ ആവഡിയിലെ മെമു ഷെഡിൽ സ്പെയർ റേക്കുകൾ ലഭ്യമാണെങ്കിലും കേരളത്തിന് അവ നൽകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കൊല്ലം സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുമ്പോൾ തന്നെ ട്രെയിനുകൾ നിറയുകയും, കായംകുളം എത്തുമ്പോഴേക്കും യാത്രക്കാർക്ക് കയറാൻ കഴിയാത്ത വിധം തിരക്ക് വർദ്ധിക്കുകയും ചെയ്യുന്നതായി സ്ഥിരം യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
16 കോച്ചുകളുള്ള മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കാവശ്യമായ സൗകര്യങ്ങൾ കൊല്ലം മെമു ഷെഡിൽ സജ്ജമാണ്. എങ്കിലും, മുഴുവൻ സർവീസുകളും 16 കോച്ചുകളിലേക്ക് ഉയർത്താൻ ആവശ്യമായ പുതിയ റേക്കുകൾ തിരുവനന്തപുരം ഡിവിഷന് ലഭിച്ചിട്ടില്ല.
ദക്ഷിണ റെയിൽവേ പുതിയ റേക്കുകൾ അനുവദിക്കാത്ത പക്ഷം നിലവിലെ യാത്രാക്ലേശത്തിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കില്ല. വിഷയം ഗൗരവമായി കണ്ട് ജനപ്രതിനിധികളും എംപിമാരും ഇടപെടണമെന്നാണ് യാത്രക്കാരുടെ സംഘടനകളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

