മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞത് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കാർഷിക മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജലലഭ്യത നിലച്ചതോടെ ഏകദേശം ഒന്നരലക്ഷം ഏക്കറോളം കൃഷിഭൂമിയാണ് തരിശായി മാറിയിരിക്കുന്നത്.
വരുമാനമാർഗ്ഗം നഷ്ടപ്പെട്ടതോടെ കർഷകർ മറ്റ് ഉപജീവന മാർഗ്ഗങ്ങൾ തേടേണ്ട അവസ്ഥയിലാണ്.
തേനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കാർഷിക ജീവിതത്തിന്റെ നട്ടെല്ലാണ് മുല്ലപ്പെരിയാർ അണക്കെട്ട്. തേനിയിൽ മാത്രം 14,700 ഏക്കർ കൃഷിഭൂമി അണക്കെട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
സാധാരണയായി എല്ലാ വർഷവും ജൂൺ ഒന്നിന് കാർഷിക ആവശ്യങ്ങൾക്കായി അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിടാറുണ്ട്. എന്നാൽ ഇത്തവണ ജലക്ഷാമം രൂക്ഷമായതോടെ കൃഷി ആവശ്യങ്ങൾക്കായി വെള്ളം ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല.
അടിസ്ഥാനപരമായ കൃഷിപ്പണികൾ പോലും ആരംഭിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുൻകാലങ്ങളിൽ അണക്കെട്ടിലുണ്ടായിരുന്ന ജലശേഖരം കൃത്യമായ ആസൂത്രണമില്ലാതെ തുറന്നുവിട്ടതും, ഈ വർഷം ലഭിച്ച മഴയുടെ കുറവും നിലവിലെ സാഹചര്യത്തിന് കാരണമായെന്നാണ് കർഷകരുടെ പ്രധാന ആരോപണം.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിൽ നിന്ന് 152 അടിയായി ഉയർത്തുകയാണെങ്കിൽ വരൾച്ചാ സമയങ്ങളിലും കൃഷി മുടക്കം കൂടാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നാണ് തമിഴ്നാടിന്റെ വാദം. ജലക്ഷാമം മൂലം കൃഷി ഉപേക്ഷിക്കേണ്ടി വന്ന കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
നിലവിലെ ആശങ്കകൾക്ക് പരിഹാരം കാണാൻ അടിയന്തര നടപടികൾ അനിവാര്യമാണെന്ന് കർഷകർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

