ആലപ്പുഴയിൽ നടക്കാനിരിക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഭാഗ്യചിഹ്നം ശ്രദ്ധേയമാകുന്നു. ചുണ്ടൻ വള്ളം തുഴയുന്ന വേഴാമ്പലിന്റെ ചിത്രമാണ് ഇത്തവണത്തെ ജലമേളയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ആലപ്പുഴ സ്വദേശിയായ ഹരിൻ പുന്നപ്രയാണ് ഈ സവിശേഷമായ രൂപകല്പനയ്ക്ക് പിന്നിൽ. കേരളത്തിന്റെ സാംസ്കാരിക പൈതൃകമായ വള്ളംകളിയെയും സംസ്ഥാന പക്ഷിയായ വേഴാമ്പലിനെയും കൂട്ടിയിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ജലമേളയുടെ ആവേശവും തനിമയും ഒരേസമയം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ ഘടന. കഴിഞ്ഞ 16 വർഷമായി ഗ്രാഫിക് ഡിസൈനിംഗ് രംഗത്ത് സജീവമായ വ്യക്തിയാണ് ഹരിൻ പുന്നപ്ര.
മികച്ച നിലവാരമുള്ള നിരവധി നോവൽ കവർ ഡിസൈനുകളിലൂടെ ഇദ്ദേഹം ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. “റാം c/o ആനന്ദി”, “രാത്രി 12ന് ശേഷം”, “പ്രേമലു തിരക്കഥ”, “നീലച്ചടയൻ” തുടങ്ങിയ ശ്രദ്ധേയമായ കൃതികളുടെ കവർ പേജുകൾ ഡിസൈൻ ചെയ്തത് ഹരിനാണ്.
ബ്രാൻഡിംഗ്, സാമൂഹ്യ വിഷയങ്ങളിലെ ദൃശ്യാവിഷ്കാരം എന്നീ മേഖലകളിലും തന്റെ മികവ് തെളിയിച്ചിട്ടുള്ള ഹരിൻ പുന്നപ്ര, നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം തയ്യാറാക്കാൻ സാധിച്ചതിൽ തന്റെ സന്തോഷം പങ്കുവെച്ചു. ഓഗസ്റ്റ് 22-ന് ആലപ്പുഴ പുന്നമടക്കായലിലാണ് 72-ാമത് നെഹ്റു ട്രോഫി ജലമേള അരങ്ങേറുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

