കൊച്ചിയിലെ റോഡുകളിൽ കണ്ണഞ്ചിക്കുന്ന ലൈറ്റ് പ്രകാശവും അമിത ശബ്ദവും മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആഡംബര കാർ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കാറിന്റെ പുറംഭാഗം പൂർണ്ണമായും പ്രകാശപൂരിതമാക്കും വിധം ലൈറ്റുകൾ ഘടിപ്പിച്ചിരുന്നു.
കൂടാതെ, കനത്ത ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന ഹൈ ഡെസിബൽ മ്യൂസിക്കൽ സംവിധാനവും നിയമവിരുദ്ധമായ മൾട്ടി ടോൺ എയർ ഹോണും വാഹനത്തിൽ സജ്ജീകരിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. കാക്കനാട്–പള്ളിക്കര റോഡിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ഈ ആഡംബര വാഹനം പിടിയിലായത്.
പരിശോധനാവേളയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് പുറത്തേക്ക് തള്ളിനിൽക്കുന്ന രൂപത്തിലുള്ള ടയറുകളാണ് കാറിന് ഉണ്ടായിരുന്നത് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെരിന്തൽമണ്ണ സ്വദേശിയായ ഉനൈസ് എന്ന വ്യക്തിക്കാണ് വാഹനത്തിന്റെ ഉടമയെന്ന നിലയിൽ 32,750 രൂപ പിഴ ചുമത്തിയത്.
എംവിഐ എൻ.വിനോദ്കുമാർ, എഎംവിഐമാരായ എൻ.എ.മുഹമ്മദ് നിയാസ്, വി.കശ്യപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ബിസിനസ് ആവശ്യങ്ങൾക്കായി കൊച്ചിയിൽ എത്തിയതാണ് തങ്ങളെന്നാണ് കാറിലുണ്ടായിരുന്ന യാത്രക്കാർ നൽകിയ വിശദീകരണം.
എന്നാൽ, വാഹനത്തിൽ വരുത്തിയ അനധികൃതമായ എല്ലാ ഫിറ്റിങ്ങുകളും പൂർണ്ണമായി നീക്കം ചെയ്ത്, കമ്പനി നിർദ്ദേശിച്ചിട്ടുള്ള യഥാർത്ഥ രൂപത്തിലേക്ക് മാറ്റിയതിനു ശേഷം മാത്രമേ വാഹനം വീണ്ടും നിരത്തിലിറക്കാൻ അനുവദിക്കുകയുള്ളൂ എന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്ക് മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

