പുൽപള്ളി മേഖലയിലെ കബനി നദീതീരത്തുള്ള ഗ്രാമങ്ങളിൽ കാലവർഷം ചതിച്ചതോടെ കൃഷിയിടങ്ങൾ കടുത്ത പ്രതിസന്ധിയിൽ. നാമമാത്രമായ ചാറ്റൽമഴ പോലും ലഭിക്കാത്തത് കർഷകരെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
മാസങ്ങൾക്ക് മുൻപ് പ്രതീക്ഷയോടെ മണ്ണിൽ പാകിയ വിത്തുകൾ പൂർണ്ണമായും ഉണങ്ങി നശിച്ചു. പുല്ലുപോലും മുളയ്ക്കാത്ത രീതിയിൽ മണ്ണ് വറ്റി വരണ്ടു കിടക്കുന്ന സ്ഥിതിയാണുള്ളതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
കാലവർഷാരംഭത്തിൽ ഇത്തരമൊരു അതിരൂക്ഷമായ വരൾച്ച ഇതാദ്യമാണെന്നാണ് കർഷകരുടെ സാക്ഷ്യം. വേനൽമഴ ലഭിക്കാതിരുന്നതോടെ, കാലവർഷം കൃത്യമായി എത്തുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ കൃഷിയിറക്കിയത്.
എന്നാൽ അതിർത്തി പ്രദേശങ്ങളിൽ മഴ കാര്യമായി പെയ്തിട്ടില്ല. കൃഷിയിറക്കിയ ശേഷം പെയ്ത ഒന്നോ രണ്ടോ ചാറ്റൽ മഴയിലും ആവശ്യമായ ഈർപ്പം ലഭിക്കാത്തത് കർഷകരെ വലിയ നിരാശയിലാക്കിയിട്ടുണ്ട്.
എടവമാസം പിന്നിട്ട് മിഥുനത്തിലേക്കു കടക്കുമ്പോഴെങ്കിലും മഴ കനിയുമെന്ന പ്രത്യാശയിലാണ് കർഷകർ. നേരത്തെ നട്ട
വിളകൾക്ക് വളം നൽകേണ്ട സമയം അതിക്രമിച്ചെങ്കിലും, മഴയുടെ അപര്യാപ്തത കാരണം വളപ്രയോഗം നടത്താനാകാത്ത അവസ്ഥയിലാണ്.
ഈ വർഷം കൃഷിയുടെ ഭാവി തന്നെ അവതാളത്തിലാകുമെന്ന ഭീതി നിലനിൽക്കുന്നു. നെൽകൃഷി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
തോടുകളും കുളങ്ങളും ജലാശയങ്ങളും പൂർണ്ണമായും വറ്റി വരണ്ടു. മഴക്കാലമായിട്ടും കബനിപ്പുഴയിൽ നീരൊഴുക്ക് ഇല്ലാത്തത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു.
മാനന്തവാടി ഭാഗത്ത് പെയ്ത മഴയിലെ വെള്ളം ഒഴുകിപ്പോയതല്ലാതെ, പുഴയിൽ കാര്യമായ ജലലഭ്യത ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് കൊളവള്ളി മുതൽ ചേകാടി വരെയുള്ള ഗ്രാമങ്ങളിലും തിരുനെല്ലി പഞ്ചായത്തിലുമാണ് മഴയുടെ അഭാവം രൂക്ഷമായി അനുഭവപ്പെടുന്നത്.
ഇടവിള കൃഷികൾ നശിച്ചതിനു പുറമെ കാപ്പി, അടയ്ക്ക തുടങ്ങിയ നാണ്യവിളകളെയും വരൾച്ച സാരമായി ബാധിച്ചിട്ടുണ്ട്. കത്തുന്ന വെയിലിൽ വിളകൾ കൊഴിഞ്ഞു വീഴുകയാണ്.
ഏലം ഉൽപാദനം നിലച്ച മട്ടാണ്. ജലസേചന സൗകര്യങ്ങളില്ലാത്ത തോട്ടങ്ങളിൽ വളപ്രയോഗം പോലും മുടങ്ങിയിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

