മേലൂർ അടിച്ചിലി സ്വദേശിയായ കെ.കെ.ഷീജു എന്ന അൻപത്താറുകാരി അക്കാദമിക് രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നു. പുതുച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്ന് വിമൻ സ്റ്റഡീസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് ഷീജു ചരിത്രം കുറിച്ചത്.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് കൂടിയായ ഇവർ, മകൾ പാർവതിക്ക് 2024-ൽ പുതുച്ചേരി കേന്ദ്ര സർവകലാശാലയിൽ സോഷ്യോളജിയിൽ ഗവേഷണത്തിന് പ്രവേശനം ലഭിച്ചപ്പോഴാണ് കൂടെപ്പോകാൻ തീരുമാനിച്ചത്. നേരത്തെ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഷീജു, ചാലക്കുടി നിർമല കോളജ്, തൃശൂർ കൈരളി വിദ്യാപീഠം, ചാലക്കുടി അമിറ്റി കോളജ് എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്പോട്ട് അഡ്മിഷനിലൂടെയാണ് വിമൻ സ്റ്റഡീസിൽ ഇവർക്ക് പ്രവേശനം ലഭിച്ചത്. മകളുടെ പ്രായമുള്ള വിദ്യാർത്ഥികൾക്കൊപ്പം പഠിച്ചിറങ്ങുമ്പോൾ തുടക്കത്തിൽ ചെറിയ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും, പിന്നീട് സഹപാഠികളിലൊരാളായി മാറാൻ ഇവർക്ക് സാധിച്ചു.
സ്വർണ മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഷീജുവിന് ഉപരാഷ്ട്രപതിയുടെ കൈകളിൽ നിന്നായിരിക്കും ബിരുദദാനച്ചടങ്ങിൽ പുരസ്കാരം ലഭിക്കുക. പഠനത്തിനിടയിലും സാമൂഹിക ഇടപെടലുകളിൽ ഷീജു സജീവമായിരുന്നു.
പുതുച്ചേരിയിൽ ‘പോഷ് ആക്ട്’ ട്രെയിനറായും ഇവർ പ്രവർത്തിക്കുന്നു. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ അവബോധം സൃഷ്ടിക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ഇവർ കാഴ്ചവെക്കുന്നത്.
ഷീജുവിന്റെ മറ്റൊരു മകളായ ലക്ഷ്മി ഇതേ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം ‘ടീച്ച് ഫോർ ഇന്ത്യ’ എന്ന സംഘടനയിൽ പ്രോഗ്രാം മാനേജരായി ജോലി ചെയ്തുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

