കൊച്ചി ആലുവ ആലങ്ങാട് കരുമാലൂരിൽനിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയിൽനിന്നു കണ്ടെത്താൻ സഹായിച്ചത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം. കുട്ടി ഉപയോഗിച്ചിരുന്ന, അമ്മയുടെ ഫോണിലേക്ക് സംഭവത്തിനു മുൻപ് വന്ന കോളുകളും പിന്നീട് ഫോണിന്റെ ലൊക്കേഷനും പിന്തുടർന്നതാണ് ആലുവ വെസ്റ്റ് പൊലീസിന് (ആലങ്ങാട് പൊലീസ്) കുട്ടിയെ കണ്ടെത്താൻ സഹായകമായത്.
കുട്ടിയെ കൂട്ടിക്കൊണ്ടു പോയ കൊല്ലം ഓച്ചിറ സ്വദേശി അഭിജിത്തിനെ (25) കുറിച്ചുളള വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഇരുവരുടെയും മൊബൈൽ ഫോണുകൾ ഓഫായിരുന്നെങ്കിലും ഇടയ്ക്കിടെ ഓൺ ചെയ്തിരുന്നത് സൈബർ സെല്ലിന് സഹായകമായി.
പുണെ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവരെ പൊലീസ് കണ്ടെത്തുന്നത്. ഇവരെയും കൊണ്ട് പൊലീസ് പുണെയിൽനിന്നു നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
മകൾ രാവിലെ ഒരു പുസ്തകം വാങ്ങാൻ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ ശേഷം മടങ്ങിയെത്താതിരുന്നതോടെയാണ് വീട്ടുകാരും നാട്ടുകാരും അന്വേഷണം ആരംഭിച്ചത്. അമ്മയുടെ ഫോൺ കുട്ടിയുടെ കൈയിൽ ഉണ്ടായിരുന്നെങ്കിലും അത് ഓഫ് ചെയ്ത നിലയിലായിരുന്നു.
വൈകിട്ടോടെ സംഭവം ആലങ്ങാട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസ് അപ്പോൾത്തന്നെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണത്തിലേക്ക് കടന്നു.
ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും കുട്ടി എത്തിയിട്ടില്ലെന്ന് വീട്ടുകാർ നേരത്തേ തന്നെ അന്വേഷിച്ച് ഉറപ്പിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനായിരുന്നു പൊലീസിന്റെ ആദ്യ ശ്രമം.
എന്നാൽ നാട്ടിൻപുറമായതിനാൽ സിസിടിവികൾ അധികമില്ലാത്തത് ഈ വഴിക്കുള്ള അന്വേഷണത്തിന് തിരിച്ചടിയായി. ഇതോടെ പൊലീസ് രണ്ടു പ്രധാന നടപടികളാണ് സ്വീകരിച്ചത്.
കുട്ടിയുടെ പക്കലുള്ള ഫോൺ ഓഫായിരുന്നെങ്കിലും അത് 24 മണിക്കൂറും നിരീക്ഷിക്കുക എന്നതായിരുന്നു ആദ്യത്തേത്. നാട്ടുകാരിൽനിന്നും ബന്ധുക്കളിൽനിന്നും വിവരങ്ങൾ ശേഖരിക്കുകയെന്നതായിരുന്നു രണ്ടാമത്തെ മാർഗ്ഗം.
ഈ അന്വേഷണത്തിനിടയിലാണ് കുട്ടിയെ കാണാൻ ഇടയ്ക്കിടെ നാട്ടിലെത്തിയിരുന്ന ഒരാളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. എന്നാൽ ഇക്കാര്യം കുട്ടിയുടെ വീട്ടുകാർക്ക് അറിവില്ലായിരുന്നു.
തുടർന്ന് പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടി. കുട്ടി ഉപയോഗിക്കുന്ന ഫോണിലേക്ക് തുടർച്ചയായി വന്നിരുന്നതും അതിൽനിന്നു പോയതുമായ കോളുകളുടെ നമ്പറുകൾ സൈബർ സെൽ വേഗത്തിൽ കണ്ടെത്തി.
അതിൽ ഒരു നമ്പറിന്റെ ഉടമയിൽ പൊലീസിന്റെ ശ്രദ്ധ പതിഞ്ഞു. കൊല്ലം ഓച്ചിറ സ്വദേശിയായ അഭിജിത്ത് ആയിരുന്നു അത്.
എന്നാൽ ഇരുവരും ഒരുമിച്ചുണ്ടോ, ഇവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസിന് അപ്പോൾ വ്യക്തതയുണ്ടായിരുന്നില്ല. മംഗലാപുരത്ത് ആദ്യ ലൊക്കേഷൻ ലഭിച്ചതായി ആലുവ റൂറൽ എസ്പി കെ.എസ്.സുദർശൻ വ്യക്തമാക്കി.
‘‘ഏതാണ്ട് മണിക്കൂറുകൾക്കകം ഈ കുട്ടിയുടെ ആദ്യ ലൊക്കേഷൻ മംഗലാപുരം ഭാഗത്ത് കിട്ടി. അപ്പോൾത്തന്നെ ആലങ്ങാട് സബ് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഒരു ടീമിനെ മംഗലാപുരത്തേക്ക് അയച്ചു.
ഈ കുട്ടിയുടെയും കൂടെയുണ്ടായിരുന്ന അഭിജിത്ത് എന്ന യുവാവിന്റെയും ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. അപൂർവം സമയങ്ങളിൽ മാത്രമാണ് ഫോൺ സ്വിച്ച് ഓൺ ചെയ്തത്.
സ്വിച്ച് ഓൺ ആയാൽ അപ്പോൾത്തന്നെ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു’’ എന്ന് എസ്പി പറഞ്ഞു. ഇടയ്ക്ക് ഇരുവരുടേയും ഫോണുകൾ അൽപസമയം സ്വിച്ച് ഓൺ ആയതോടെയാണ് ഇരുവരും ഒരുമിച്ചുണ്ടാകാം എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
വനിതാ പൊലീസുകാർ ഉൾപ്പെടെ ആലുവയിൽ നിന്നുള്ള സംഘം കാറിൽ മംഗലാപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലും സൈബർ സെൽ നിരീക്ഷണം തുടർന്നു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കുട്ടിയുടെയും അഭിജിത്തിന്റെയും ലൊക്കേഷൻ ഗോവയിലാണെന്ന് കാണിച്ചു.
ഇതോടെ മംഗലാപുരത്തേക്ക് പുറപ്പെട്ട സംഘത്തിന്റെ ലക്ഷ്യം ഗോവയിലേക്ക് മാറ്റി.
തുടർന്ന് അടുത്ത ലൊക്കേഷൻ മുംബൈയിലെ ധാരാവിയിലാണെന്ന് വ്യക്തമായി. ഗോവയിലേക്ക് തിരിച്ച സംഘം നേരെ മുംബൈയിലേക്ക് തിരിച്ചു.
എന്നാൽ ഇവർ ധാരാവിയിൽ എത്തുമ്പോഴേക്കും കുട്ടിയുടെയും അഭിജിത്തിന്റെയും ഫോൺ വീണ്ടും സ്വിച്ച് ഓഫായി. ഇതോടെ ഇരുവരുടെയും കൃത്യമായ സ്ഥാനം സംബന്ധിച്ച് പൊലീസിന് സൂചന നഷ്ടപ്പെട്ടു.
വിവിധ സ്ഥലങ്ങളിലായി ഇവരുടെ ലൊക്കേഷൻ മാറി മാറി കാണിച്ചതോടെ മറ്റൊരു അന്വേഷണ സംഘത്തെ കൂടി അയക്കാൻ തീരുമാനമായി. “പല സ്ഥലങ്ങളിലായി കുട്ടി കറങ്ങി നടക്കുകയാണെന്നു മനസ്സിലായപ്പോൾ വെസ്റ്റ് പൊലീസ് സ്റ്റേഷിലെ ഇൻസ്പെക്ടർ ഗംഗാ പ്രസാദിനെയും സംഘത്തെയും കൂടി ഗോവയിലേക്ക് അയച്ചുവെന്ന്” എസ്പി കെ.എസ്.സുദർശൻ പറഞ്ഞു.
ഇതിനിടയിലാണ് ഇരുവരും ഒരു പ്രത്യേക ദിശയിൽ സഞ്ചരിക്കുന്നുണ്ടെന്ന വിവരം സൈബർ സെൽ കണ്ടെത്തിയത്. ഈ അന്വേഷണം ചെന്നെത്തിയത് ഇരുവരും നിസാമുദീൻ എക്സ്പ്രസിൽ യാത്ര ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിലാണ്.
തുടർന്ന് റെയിൽവേ പൊലീസിന്റെ കൂടി സഹകരണത്തോടെ അന്വേഷണം ഏകോപിപ്പിച്ചു. എസ്ഐ സതീഷ് കുമാറിനും സംഘത്തിനുമായിരുന്നു ഇതിന്റെ ചുമതല.
ഒടുവിൽ പുണെ റെയിൽവേ സ്റ്റേഷനിൽനിന്നു കുട്ടിയെയും അഭിജിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 12 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ കാണാതായതോടെ വലിയ ആശങ്കയിലായിരുന്നുവെന്ന് എസ്പി സുദർശൻ പറയുന്നു.
‘‘കുട്ടിയെ കണ്ടെത്തുന്നതുവരെ മുഖ്യമന്ത്രിയുടെയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറിന്റെയും ഓഫിസുകളിൽനിന്ന് നിരന്തരം ബന്ധപ്പെട്ടിരുന്നു. വളരെ ആക്ടീവ് ആയിട്ടാണ് പൊലീസിന്റെ രണ്ടു ടീമും സൈബർ സെല്ലും പ്രവർത്തിച്ചത്.
അന്വേഷണത്തിനായി മൂന്നു സംസ്ഥാനങ്ങളിലേക്ക് സംഘങ്ങളെ അയച്ചതിനൊപ്പം 24 മണിക്കൂറും സൈബർ സെൽ കുട്ടിയുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ കിട്ടുന്ന വിവരങ്ങൾ യഥാസമയം ടീമിനു നൽകിയതുകൊണ്ട് രണ്ടു ദിവസത്തിനകം കുട്ടിയെ കണ്ടെത്താൻ സാധിച്ചു’’ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിലുള്ള ബന്ധുവിനെ കാണാൻ എന്ന പേരിലാണ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. കഴിഞ്ഞ ആറു മാസത്തിലധികമായി ചെറായി ബീച്ചിൽ ഐസ്ക്രീം കടയുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരികയായിരുന്നു അഭിജിത്ത്.
പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി ഇൻസ്റ്റഗ്രാം വഴി ഇയാളും കുട്ടിയും സംസാരിക്കുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
കുട്ടി ഇപ്പോൾ മാനസികാഘാതത്തിലാണെന്നും കൗൺസലിങ് നൽകിയ ശേഷം വിശദമായി സംസാരിച്ചാൽ മാത്രമേ മുഴുവൻ വിവരങ്ങളും ലഭ്യമാകൂ എന്നും പൊലീസ് വ്യക്തമാക്കി. പോക്സോ നിയമത്തിന് പുറമേ തട്ടിക്കൊണ്ടു പോകൽ കുറ്റവും അഭിജിത്തിനെതിരെ ചുമത്തിയേക്കും.
കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകളും ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

