കാഞ്ഞിരപ്പുഴ ഡാം ടൂറിസം പദ്ധതിയിൽനിന്ന് പിന്മാറുന്നില്ലെന്ന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്എസ്ഐടി റെഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട
എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കി കരാർ ഒപ്പിടുകയും സ്ഥലം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് അനുമതി തേടി വകുപ്പ് മന്ത്രിക്കു കമ്പനി കത്ത് നൽകിയിട്ടുണ്ട്.
അനുമതി ലഭിക്കുന്ന മുറയ്ക്ക് അടിയന്തരമായി നിർമാണം ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സർക്കാരിന്റെ സാമ്പത്തിക ബാധ്യതയില്ലാതെ പൂർണമായും സ്വകാര്യ നിക്ഷേപത്തിലൂടെ നടപ്പിലാക്കുന്ന 161 കോടി രൂപയുടെ പദ്ധതിയാണിത്.
30 വർഷത്തേക്കാണ് കരാർ കാലാവധി. പദ്ധതിയിലൂടെ ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ 18 ശതമാനം ജിഎസ്ടി വിഹിതമായും മൂന്ന് ശതമാനം ഇറിഗേഷൻ വകുപ്പിനുള്ള വിഹിതമായും സർക്കാർ ഖജനാവിലേക്ക് എത്തും.
പദ്ധതിക്കെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളെ കമ്പനി തള്ളി. സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങളെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് അധികൃതർ കുറ്റപ്പെടുത്തി.
നിലവിൽ ഇടുക്കിയിലെ മലങ്കര ഡാം, ഭൂതത്താൻകെട്ട് ഡാം എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളെക്കുറിച്ചും സമാനമായ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കാഞ്ഞിരപ്പുഴ പദ്ധതിയുടെ ഫയലുകൾ പരിശോധിക്കുമെന്ന് മന്ത്രി കെ.എ.തുളസി നേരത്തെ അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

