ഉത്തർപ്രദേശിലെ റായ്ബറേലിയിൽ യുവതിയും ഭർത്താവും ചേർന്ന് അമിത് റായ്ദാസ് എന്നയാളെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടിയതായി പൊലീസ് കണ്ടെത്തൽ. ദൽമൗ ബെൽഹാനി സ്വദേശിയാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് റീത്ത എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള ഇവരുടെ ഭർത്താവ് രാം പ്രകാശിനായി തിരച്ചിൽ ഊർജിതമാക്കി.
ദിവസങ്ങളോളം വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പൊലീസ് നൽകുന്ന വിവരപ്രകാരം 2016ൽ വിവാഹിതരായ രാം പ്രകാശ് – റീത്ത ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
എന്നാൽ 2020ൽ ഭർത്താവുമായി പിണങ്ങി റീത്ത സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചു. ഈ സമയത്താണ് അമിത് റായ്ദാസുമായി ഇവർ പ്രണയത്തിലാകുന്നത്.
തുടർന്ന് അമിത്, റീത്തയുടെ വീട്ടിലേക്ക് താമസം മാറുകയും ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു മകൾ ജനിക്കുകയും ചെയ്തു. അടുത്തിടെ റീത്ത ഭർത്താവ് രാം പ്രകാശുമായി വീണ്ടും അടുത്തു.
ജൂലൈ 29ന് രാത്രി അമിത് വീട്ടിലുള്ളപ്പോൾ രാം പ്രകാശ് ഇവിടെയെത്തുകയും ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ചെയ്തു. തുടർന്ന് റീത്തയും രാം പ്രകാശും ചേർന്ന് റീത്തയുടെ സാരി ഉപയോഗിച്ച് അമിത്തിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ശേഷം മൃതദേഹം വീടിന്റെ തറ തുരന്ന് ഉള്ളിൽ കുഴിച്ചിട്ടു. ദിവസങ്ങൾക്ക് ശേഷം മൃതദേഹം അഴുകി വീടിനു പുറത്തേക്ക് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ നാട്ടുകാർക്ക് സംശയമായി.
ഭയന്നുപോയ റീത്ത സംഭവം ഗ്രാമത്തലവനോട് തുറന്നുപറഞ്ഞു. ഗ്രാമത്തലവൻ അഖിലേഷ് യാദവ് ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി വീടിന്റെ തറ തുരന്നാണ് അമിത്തിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട അമിത്തിന്റെ സഹോദരൻ രഞ്ജിത് റായ്ദാസ് നൽകിയ പരാതിയിൽ ഭദോഖർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

