ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ‘കേര’ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ കാപ്പി കൃഷി മേഖലയിൽ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. 25 കോടി രൂപയുടെ പദ്ധതിയിലൂടെ കൃഷിരീതികളുടെ ആധുനികവൽക്കരണവും ഉൽപാദനക്ഷമത വർധിപ്പിക്കലുമാണ് ലക്ഷ്യമിടുന്നത്.
പുനർനടീൽ പദ്ധതിയാണ് ഈ സംരംഭത്തിന്റെ പ്രധാന ആകർഷണം. ഉൽപാദനക്ഷമത കുറഞ്ഞ തോട്ടങ്ങളിൽ പുതിയ തൈകൾ വച്ചുപിടിപ്പിക്കുന്നതിനായി ഹെക്ടറിന് 1,10,000 രൂപ വീതം ധനസഹായം ലഭിക്കും.
25 സെന്റ് മുതൽ 10 ഹെക്ടർ വരെ സ്ഥലത്ത് കൃഷിയുള്ളവർക്ക് അപേക്ഷിക്കാമെങ്കിലും, ഒരാൾക്ക് പരമാവധി രണ്ട് ഹെക്ടർ ഭൂമിക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ (പരമാവധി 2.2 ലക്ഷം രൂപ). ഇത് രണ്ട് ഗഡുക്കളായിട്ടാണ് വിതരണം ചെയ്യുക; ആദ്യ വർഷം 77,000 രൂപയും രണ്ടാം വർഷം 33,000 രൂപയും ലഭിക്കും.
ശാസ്ത്രീയ ജലസേചന സൗകര്യങ്ങൾക്കായി ഹെക്ടറിന് 50,000 രൂപ വരെ ധനസഹായം അനുവദിക്കും. ഇതിൽ ജലസംഭരണി നിർമാണത്തിന് 18,000 രൂപയും സ്പ്രിങ്ക്ലർ യൂണിറ്റുകൾക്ക് 32,000 രൂപയുമാണ് ലഭിക്കുക.
കൂടാതെ, ഗുണമേന്മയുള്ള സർട്ടിഫൈഡ് തൈകൾക്കായി 30 നഴ്സറികൾക്ക് ആറ് ലക്ഷം രൂപ വീതം സഹായം നൽകും. വയനാടൻ കാപ്പിയുടെ വിപണി മൂല്യം ഉയർത്താൻ ജി.ഐ ടാഗിങ്, നാഷണൽ/ഇന്റർനാഷണൽ സർട്ടിഫിക്കേഷൻ എന്നിവയ്ക്ക് ചെലവാകുന്ന തുകയുടെ 75 ശതമാനം (പരമാവധി 2 ലക്ഷം രൂപ) വരെ കർഷകർക്കും എഫ്.പി.ഒകൾക്കും റീഇംബഴ്സ്മെന്റായി നൽകാനും തീരുമാനമായി.
പുനർനടീലിനും ഡ്രിപ്പ് ഇറിഗേഷനുമായി കുറഞ്ഞ നിരക്കിൽ ടേം ലോണുകൾ ലഭ്യമാക്കുന്ന പി.സി.ജി.എസ് പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. കോഫീ ബോർഡുമായി സഹകരിച്ച് 32,000 കർഷകർക്ക് ബോധവത്കരണ പരിപാടികളും, 16,000 പേർക്കായി ഗ്രാമതല ശിൽപശാലകളും, 3,400 കർഷകർക്ക് ശാസ്ത്രീയ കൃഷിരീതികളിൽ പരിശീലനവും നൽകും.
കേര ഫീൽഡ് ഓഫിസർമാരുടെ സേവനവും കർഷകർക്കായി ലഭ്യമാണ്. താൽപര്യമുള്ളവർ https://keraplantation.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 8089775400 എന്ന നമ്പറിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

