ദേശീയപാതയോരത്ത് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കോൺക്രീറ്റ് കാനകൾ പാളിയതോടെ മുരിങ്ങൂർ കോട്ടമുറി പ്രദേശം വീണ്ടും വെള്ളക്കെട്ടിലായി. നിർമാണത്തിലെ അപാകതകൾ മൂലം മഴവെള്ളം ഒഴുകിപ്പോകാനുള്ള മാർഗങ്ങൾ തടസ്സപ്പെട്ടതാണ് രൂക്ഷമായ ദുരിതത്തിന് കാരണം.
നേരത്തെ കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പരിഹാര നിർദേശങ്ങൾ നൽകിയിട്ടും ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ഇന്നലെ വൈകിട്ട് അര മണിക്കൂർ മാത്രം നീണ്ടുനിന്ന ശക്തമായ മഴയിൽ ദേശീയപാതയിലും സമീപത്തെ വീടുകളിലും കടകളിലും വെള്ളം കയറി.
മുരിങ്ങൂർ അടിപ്പാതയുടെ അനുബന്ധ റോഡിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ചെമ്പകശേരി ഹരി, ചെമ്പകശേരി ലീലാമണി എന്നിവരുടെ വീടുകളിലും ചെമ്പകശേരി പുഷ്പാകരന്റെ കടകളിലുമാണ് വെള്ളം കയറിയത്.
റോഡിലൂടെ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങിയത് കനത്ത ഗതാഗതക്കുരുക്കിനും കാരണമായി. സ്ഥിതിഗതികൾ വിലയിരുത്താൻ മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ, പഞ്ചായത്ത് അംഗം എ.ഡി.സജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത എന്നിവർ സ്ഥലത്തെത്തി.
ഡ്രെയ്നേജിന്റെ സ്ലാബും ഭിത്തിയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റിയാണ് വെള്ളം ഒഴുക്കിവിട്ടത്. ഇതിനിടെ, രക്ഷാപ്രവർത്തനത്തിനിടെ പഞ്ചായത്ത് അംഗം എ.ഡി.സജി തോട്ടിലേക്ക് വീണു പരുക്കേൽക്കുകയും, അദ്ദേഹത്തെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അടിപ്പാത നിർമാണത്തിന് മുൻപ് തന്നെ ഡ്രെയ്നേജ് സംവിധാനത്തിലെ അപാകതകളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും കരാറുകാരോ ദേശീയപാത അതോറിറ്റിയോ അത് ഗൗരവമായി എടുത്തില്ല. അഞ്ച് മാസം മുൻപ് സമാനമായ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായപ്പോൾ കലക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലം സന്ദർശിച്ച് കർശന നിർദേശം നൽകിയിരുന്നു.
എന്നാൽ, താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം ശാശ്വത നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൊരട്ടി ഭാഗത്തുനിന്നുള്ള വെള്ളം കൂടി ഒഴുകിയെത്തുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

