ഡൽഹി– മീററ്റ് മാതൃകയിൽ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയുടെ നിർമാണച്ചെലവ് ഡൽഹിയുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനം അധികമായിരിക്കുമെന്ന് ഗതാഗത വകുപ്പ് കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേരളത്തിലെ നിർമാണ സാമഗ്രികളുടെ ഉയർന്ന വിലയും തൊഴിൽ കൂലിയുമാണ് ചെലവ് വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ വില വലിയൊരു വെല്ലുവിളിയാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു. സംസ്ഥാനത്തെ ആറ് കോർപറേഷനുകളെയും നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് വിഭാവനം ചെയ്യുന്ന ഈ പാതയ്ക്ക് 537 കിലോമീറ്റർ നീളമാണുള്ളത്.
ഇതിൽ 29 കി.മീ കോർപറേഷൻ പരിധിയിലൂടെയും, 74.28 കി.മീ മുനിസിപ്പാലിറ്റിയിലൂടെയും, 433.72 കി.മീ ഗ്രാമപ്പഞ്ചായത്തുകളിലൂടെയുമാണ് കടന്നുപോകുന്നത്. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധികളിൽ സെന്റിന് 15 ലക്ഷം രൂപയും പഞ്ചായത്തുകളിൽ സെന്റിന് 6 ലക്ഷം രൂപയുമാണ് ഭൂമി വിലയായി കണക്കാക്കുന്നത്.
ഭാവിയിൽ പദ്ധതി കാസർകോട്ടുനിന്ന് മംഗലാപുരത്തേക്കും പാലക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്കും ദീർഘിപ്പിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പാലങ്ങളും തുരങ്കങ്ങളും സംയോജിപ്പിച്ചുള്ള നിർമാണരീതിയാണ് കേരളത്തിന് അനുയോജ്യമെന്ന് വിലയിരുത്തപ്പെടുന്നു.
പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കുമ്പോൾ മാത്രമേ തുരങ്കം, പാലം എന്നിവയുടെ കൃത്യമായ സ്ഥാനങ്ങൾ തീരുമാനിക്കാൻ സാധിക്കൂ. പൂർണമായും പാലത്തിലൂടെ നിർമിക്കുകയാണെങ്കിൽ കിലോമീറ്ററിന് 335 കോടി രൂപയും, ആകെ 1,69,155 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പൂർണമായും തുരങ്കമായാണെങ്കിൽ കിലോമീറ്ററിന് 730 കോടി രൂപ നിരക്കിൽ ആകെ 3,73,215 കോടി രൂപ വരെ ചെലവ് വരാം. എന്നാൽ, മെട്രോ അലൈൻമെന്റിൽ 50 ശതമാനം വീതം പാലവും തുരങ്കവും, ബാക്കി ഭാഗം പൂർണമായും പാലമായും വരുന്ന ഘടനയാണ് ചെലവ് കണക്കാക്കാനായി വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
ഈ രീതിയിൽ നിർമാണം പൂർത്തിയാക്കാൻ 1,92,780 കോടി രൂപ ചെലവാകുമെന്നാണ് കണക്ക്. ആറ് ഘട്ടങ്ങളിലായി 12 വർഷം കൊണ്ടാണ് പദ്ധതിയുടെ നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം മെട്രോ റെയിലിന്റെ ഡിപിആർ അംഗീകരിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

