ഉത്സവകാലം അടുത്തെത്തിയിരിക്കെ വിപണിയിൽ കോഴിമുട്ടയ്ക്ക് വൻ വിലക്കയറ്റം. ക്രിസ്മസ് ആഘോഷങ്ങൾ മുന്നിൽക്കണ്ട് തമിഴ്നാട്ടിലെ ഇടനില കച്ചവടക്കാരാണ് പ്രധാനമായും മുട്ടയുടെ വില വർധിപ്പിച്ചിരിക്കുന്നത്. പല പ്രദേശങ്ങളിലും വെള്ളമുട്ടയുടെ വില 8.50 രൂപ വരെയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഇത് 6.40 രൂപ വരെയായിരുന്നു. പിന്നീട് ക്രമേണ വില ഉയർന്ന് എട്ടര രൂപയിലേക്ക് എത്തുകയായിരുന്നു. കേരളത്തിലേക്ക് ആവശ്യമായ മുട്ടയുടെ സിംഹഭാഗവും എത്തുന്നത് നാമക്കലിൽ നിന്നാണ്. നിലവിൽ ഒരു ട്രേയ്ക്ക് അഥവാ 30 മുട്ടയ്ക്ക് 225 രൂപ വരെയാണ് ഉപയോക്താക്കൾ നൽകേണ്ടി വരുന്നത്.
സംസ്ഥാനത്ത് ദിവസേന 1.40 കോടി മുട്ടയാണ് ആവശ്യമായി വരുന്നത്. ഇതിൽ 50 ലക്ഷം മുട്ടകൾ മാത്രമാണ് കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നത്. ബാക്കി വരുന്നവ തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. നാമക്കലിലെ ഉൽപാദകർ ലാർജ്, മീഡിയം, പുള്ളൻ എന്നിങ്ങനെ വിവിധ തരത്തിൽ നൽകുന്ന മുട്ടകൾ ഇടനിലക്കാർ കൂട്ടിക്കലർത്തി ഉയർന്ന വിലയ്ക്ക് വിപണിയിൽ വിറ്റഴിക്കുന്നതായി വ്യാപാരികൾക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്. ഉൽപാദന തലത്തിൽ ലാർജ് മുട്ടയ്ക്ക് 6 രൂപയും, മീഡിയത്തിന് 5.50 രൂപയും, പുള്ളന് 5 രൂപയുമാണ് വില ഈടാക്കുന്നത്.
ബ്രൗൺ മുട്ടകളുടെ വിപണനത്തിലും ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബിവി – 380 ഇനത്തിൽപ്പെട്ട കോഴികളുടെ മുട്ടയാണ് യഥാർത്ഥ നാടൻ മുട്ടയെന്ന വ്യാജേന വിപണിയിൽ വിറ്റഴിക്കുന്നത്. ബ്രൗൺ മുട്ടയ്ക്ക് മൊത്തവില 8 രൂപയും ചില്ലറ വിൽപന വില 9 രൂപയുമാണ്. യഥാർത്ഥ നാടൻ മുട്ടയ്ക്ക് മുൻപ് 10 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 12 രൂപയായി വർധിച്ചിട്ടുണ്ട്. നാടൻ മുട്ടയുടെ ലഭ്യതക്കുറവും ഉപഭോക്താക്കളുടെ വർധിച്ച താൽപ്പര്യവുമാണ് ഇത്തരം ചൂഷണങ്ങൾക്ക് കാരണം.
മുട്ടയുടെ നിറവും വലിപ്പവും പരിശോധിച്ചാൽ ഇവയുടെ യഥാർത്ഥ ഇനം തിരിച്ചറിയാൻ സാധിക്കുമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. സാധാരണ നാടൻ മുട്ടയ്ക്ക് 35 മുതൽ 50 ഗ്രാം വരെയാണ് ഭാരമുള്ളത്. എന്നാൽ തമിഴ്നാട്ടിൽ നിന്നെത്തുന്ന മുട്ടകൾക്ക് 60 മുതൽ 70 ഗ്രാം വരെ തൂക്കം വരുന്നുണ്ട്. എന്നിരുന്നാലും പോഷകമൂല്യത്തിന്റെ കാര്യത്തിൽ വെള്ള മുട്ടയും നാടൻ മുട്ടയും തമ്മിൽ വലിയ വ്യത്യാസമില്ല. കോഴിത്തീറ്റയുടെ വിലക്കയറ്റവും ക്രിസ്മസ് കേക്ക് നിർമ്മാണം സജീവമായതും വിപണിയിൽ മുട്ടവില വർധിക്കാൻ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.
