സാധാരണക്കാരുടെ കുടുംബ ബജറ്റിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. കൽപറ്റ ഉൾപ്പെടെയുള്ള വിപണികളിൽ സവാള, ബീൻസ്, പാവയ്ക്ക, ചെറിയ ഉള്ളി, പച്ചമുളക്, മുരിങ്ങയ്ക്ക തുടങ്ങി ഭൂരിഭാഗം പച്ചക്കറികൾക്കും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് വില വർധിച്ചിട്ടുണ്ട്.
വിപണിയിൽ ഏറ്റവും കൂടുതൽ വിലയുള്ളത് വെളുത്തുള്ളിക്കാണ്; കിലോഗ്രാമിന് 220 രൂപയാണ് ഇന്നലെ പൊതുവിപണിയിലെ വില. ചെറിയ ഉള്ളി കിലോഗ്രാമിന് 170 രൂപയായും മുരിങ്ങയ്ക്ക് കിലോഗ്രാമിന് 150 രൂപയായും ഉയർന്നു. ചെറുനാരങ്ങ വില കിലോഗ്രാമിന് 130 രൂപയിലെത്തിയിട്ടുണ്ട്. സവാള കിലോഗ്രാമിന് 60 രൂപയ്ക്കാണ് വിൽപന നടക്കുന്നത്. കഴിഞ്ഞയാഴ്ച വരെ കിലോഗ്രാമിന് 40–50 രൂപ വരെ വിലയുണ്ടായിരുന്ന കാരറ്റിന് ഇന്നലെ വില 80 രൂപയായി വർധിച്ചു.
വ്യാഴാഴ്ച ഒരു കിലോഗ്രാം പാവയ്ക്കയ്ക്ക് 70 രൂപയായിരുന്നു വില. ബീൻസിന് കിലോഗ്രാമിന് 80 രൂപയും പച്ചമുളകിന് കിലോഗ്രാമിന് 70 രൂപയും തക്കാളിക്ക് കിലോഗ്രാമിന് 35 രൂപയുമാണ് പൊതുവിപണിയിലെ നിലവിലെ നിരക്ക്. ഉരുളക്കിഴങ്ങിന് 35 രൂപയും ബീറ്റ്റൂട്ടിന് 50 രൂപയുമാണ് വില. വള്ളിപ്പയറിന് 60 രൂപയും വഴുതനയ്ക്ക് 50 രൂപയുമാണ് ഈടാക്കുന്നത്. വെണ്ടയ്ക്കക്ക് 50 രൂപയും കാബേജിന് 30 രൂപയും മത്തന് 30 രൂപയുമാണ് ചില്ലറവിലയുള്ളത്.
കാലാവസ്ഥ വ്യതിയാനം, കനത്ത മഴയും വെള്ളക്കെട്ടും മൂലമുള്ള കൃഷിനാശം, വിളവെടുപ്പിലെ കുറവ് എന്നിവയാണ് നിലവിലെ വില വർധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവിനെ ആശ്രയിക്കുന്ന കേരളത്തിലെ വിപണിയിൽ ലഭ്യതയിലുണ്ടാകുന്ന കുറവ് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
പച്ചക്കറി വിലക്കയറ്റം ഹോട്ടൽ മേഖലയെയും കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. ഭക്ഷണ വിഭവങ്ങൾ തയാറാക്കുന്നതിനുള്ള ചെലവ് കുത്തനെ കൂടിയതോടെ പല ഹോട്ടൽ ഉടമകളും വില കൂടിയ ഇനങ്ങൾ ഒഴിവാക്കുകയോ കുറഞ്ഞ അളവിൽ മാത്രം വാങ്ങുകയോ ചെയ്യേണ്ട അവസ്ഥയിലാണ്. വാണിജ്യ സിലിണ്ടറുകളുടെ വില വർധനയുണ്ടാക്കിയ ആഘാതത്തിന് പിന്നാലെ പച്ചക്കറി വിലയും കുത്തനെ ഉയർന്നത് ഹോട്ടൽ വ്യവസായത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
