ആലപ്പുഴയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ പൊലീസുകാരെ മർദ്ദിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത നാലംഗ സംഘത്തെ പിടികൂടി. മംഗലം സ്വദേശികളായ ആഷ്ലി, ഷിജിൽ, അഭിഷേക്, അർജുൻ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെ മംഗലം റെയിൽവേ ക്രോസിന് തെക്കുവശം തീരദേശ റോഡിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പഴയ ടേപ് റിക്കാർഡറുമായി റോഡിൽ നൃത്തം ചെയ്യുകയും യാത്രക്കാരെ തടസ്സപ്പെടുത്തുകയും ചെയ്ത യുവാക്കളെ മാറ്റാൻ ശ്രമിച്ച പൊലീസുകാരെയാണ് പ്രതികൾ കയ്യേറ്റം ചെയ്തത്.
സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെ: ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത വയോധികയ്ക്ക് വീട്ടിലേക്കുള്ള വഴി മനസ്സിലാകാതെ വന്നതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ വിഷയം നോർത്ത് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് പൊലീസിന്റെ സഹായത്തോടെ ഈ സ്ത്രീയെ മംഗലത്തെ വീട്ടിലെത്തിച്ച ശേഷം മടങ്ങി വരുകയായിരുന്ന പൊലീസ് സംഘമാണ് റോഡിൽ ഗതാതത തടസ്സം സൃഷ്ടിച്ചുകൊണ്ടുള്ള യുവാക്കളുടെ ആഭാടം കണ്ടത്. പാട്ടിന്റെ താളത്തിൽ നൃത്തം ചെയ്ത ഇവർ മറ്റ് വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സഞ്ചാരം പൂർണ്ണമായും തടസ്സപ്പെടുത്തിയിരുന്നു. ഭയം മൂലം നാട്ടുകാർ നോക്കിനിൽക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
റോഡിൽ ബഹളമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് എസ്ഐ അനിൽ യുവാക്കളോട് ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങാൻ തയ്യാറായില്ല. തുടർന്ന് പൊലീസുകാരനായ ജോളി ഇവരെ റോഡിൽ നിന്നും മാറ്റാൻ ശ്രമിച്ചതിനിടയിൽ പ്രതികളിൽ രണ്ടുപേർ അദ്ദേഹത്തിന്റെ തൊണ്ടയിൽ കുത്തിപ്പിടിക്കുകയായിരുന്നു. ഇതോടെ പൊലീസും സംഘവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതികളെ ബലംപ്രയോഗിച്ച് ജീപ്പിൽ കയറ്റുന്നതിനിടയിൽ മറ്റൊരു പൊലീസുകാരനായ ബിനിൽ എന്നയാളുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു.
പിന്നീട് കസ്റ്റഡിയിലെടുത്ത യുവാക്കളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഔദ്യോഗികമായി കേസെടുക്കുകയുണ്ടായി. ബെംഗളൂരുവിൽ നിന്നും അവധിക്കെത്തിയ സുഹൃത്ത് നൽകിയ പാർട്ടി ആഘോഷിക്കുന്നതിനിടയിലാണ് ഇത്തരത്തിലുള്ള അതിക്രമങ്ങൾ ഉണ്ടായതെന്ന് യുവാക്കൾ പൊലീസിനോട് സമ്മതിച്ചു.
