ദേശീയപാത വികസനത്തിന്റെ ഭാഗമായി അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിൽ പുതിയ വിവാടം ഉടലെടുത്തിരിക്കുന്നു. കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ദേശീയപാതയുടെ അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്നത് സിൽവർലൈൻ പാതയ്ക്കു വേണ്ടിയുള്ള കെ റെയിൽ കുറ്റികളാണെന്നാണ് പ്രധാന ആക്ഷേപം.
കൊല്ലം ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ വശങ്ങളിൽ അതിർത്തി നിർണയിച്ചു കല്ലിടുന്നതിനായി ഉപയോഗിക്കുന്നതു നേരത്തേ കെ റെയിൽ പദ്ധതിക്കായി നിർമിച്ച കുറ്റികളാണെന്നതാണു വിവാദത്തിന് ഇടയാക്കുന്നത്. ‘കെ റെയിൽ’ എന്നു പതിച്ച കുറ്റികളിൽ മഞ്ഞ പെയ്ന്റ് അടിച്ച് എൻഎച്ച്എഐ (ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ) എന്ന് എഴുതിയാണ് ദേശീയപാതയുടെ അതിരടയാളങ്ങളായി സ്ഥാപിക്കുന്നത്. സർവേയറുടെ സാന്നിധ്യമില്ലാതെയാണു കുറ്റികൾ സ്ഥാപിക്കുന്നതെന്നു നാട്ടുകാർ പരാതിപ്പെട്ടു.
കൃത്യമായ അളവെടുപ്പും സ്ഥലപരിശോധനയും നടത്താതെയുള്ള കല്ലിടൽ ദേശീയപാതയുടെ അലൈൻമെന്റിൽ വ്യത്യാസമുണ്ടാക്കുമെന്നാണ് ആശങ്ക. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു റവന്യു വിഭാഗം സർവേ നടത്തി 40, 20 മീറ്റർ അകലത്തിലാണു കല്ലുകൾ നാട്ടിയിരുന്നത്. ആദ്യം സ്ഥാപിച്ച കല്ലുകൾ പാത വികസനത്തിനിടെ നീക്കം ചെയ്യപ്പെട്ടു. വളരെ അപൂർവം സ്ഥലങ്ങളിലാണ് പഴയ കല്ല് ഉള്ളത്. അന്നു കല്ലിട്ട സ്ഥലങ്ങളിൽ നിന്നു മാറി പുതിയ കുറ്റികൾ സ്ഥാപിക്കുന്നത് അലൈൻമെന്റിൽ മാറ്റം വരുന്നതിനും ഭാവിയിൽ അതിർത്തി സംബന്ധമായ തർക്കങ്ങൾക്ക് ഇടയാക്കുമെന്നാണ് ആശങ്ക.
നേരത്തേയുള്ള സർവേ രേഖകളും സ്കെച്ചുകളും പരിശോധിച്ച് അതേ സ്ഥലങ്ങളിൽത്തന്നെ പുതിയ കുറ്റികൾ സ്ഥാപിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ഭൂമിയുടെ അളവ്, ഏറ്റെടുക്കുന്ന ഭാഗം, ശേഷിക്കുന്ന ഭൂമിയുടെ അതിർത്തി എന്നിവയിൽ വ്യത്യാസം ഉണ്ടാകുമെന്നാണു നാട്ടുകാരുടെ ആശങ്ക. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പഴയ സർവേ രേഖകളും അലൈൻമെന്റ് മാപ്പുകളും പരിശോധിച്ചു സർവേയറുടെ സാന്നിധ്യത്തിൽ വേണം അതിർത്തി കല്ലുകൾ ഇടാനെന്നാണ് ആവശ്യം.
സർവേയർ ഇല്ലാതെ കുറ്റികൾ സ്ഥാപിക്കുന്ന നടപടിയിൽ വ്യക്തത വരുത്തണം. പാത വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടുനൽകിയവർക്കും ശേഷിക്കുന്ന ഭൂമിയിൽ വീടുകളും വ്യാപാരസ്ഥാപനങ്ങളും നിലനിർത്തുന്നവർക്കും പുതിയ അതിരടയാളങ്ങൾ നിർണായകമാണ്. കെ റെയിൽ പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നേരത്തേ സംസ്ഥാനത്തു വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് കെ റെയിൽ പദ്ധതി റദ്ദാക്കുന്നത്. അന്ന് പദ്ധതിയുടെ അതിർത്തി നിർണയത്തിന് ഉപയോഗിക്കാൻ നിർമിച്ച കുറ്റികൾ ദേശീയപാത അതോറിറ്റി സ്ഥാപിക്കുന്നത് ചോദ്യം ചെയ്യപ്പെടുകയാണ്.
