അമേരിക്കയിൽ വ്യോമഗതാഗത സംവിധാനങ്ങൾ സ്തംഭിപ്പിച്ചു കൊണ്ട് അസാധാരണ നടപടിയുമായി അധികൃതർ രംഗത്ത്. രാജ്യത്തെ മുഴുവൻ വിമാനങ്ങളും പറന്നുയരുന്നത് തടഞ്ഞുകൊണ്ട് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കർശന നിർദ്ദേശം പുറപ്പെടുവിച്ചു. എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറാണ് ഈ അടിയന്തര നടപടിക്ക് കാരണമെന്നാണ് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നത്.
എങ്കിലും സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം ഔദ്യോഗികമായി വിശദീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. നിലവിൽ അന്താരാഷ്ട്ര വിമാനങ്ങളുടെ ട്രാഫിക് വിവരങ്ങൾ കർശനമായി പരിശോധിച്ചു വരികയാണെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. തകരാർ പരിഹരിക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണെന്നും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളും അടുത്ത നിർദ്ദേശങ്ങളും ഉടൻ ഉണ്ടാകുമെന്നുമാണ് അധികൃതരുടെ പ്രതികരണം.
അറ്റ്ലാന്റ, വാഷിംഗ്ടൺ ഡിസി, മിയാമി, ബിഡബ്ല്യുഐ മാർഷൽ, ജോർജ് ബുഷ് തുടങ്ങി പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം ടേക്ക് ഓഫ് പൂർണ്ണമായും വിലക്കിയിരിക്കുകയാണ്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്ര തിരിച്ച് നിലവിൽ ആകാശത്തുള്ളത് മൂവായിരത്തോളം വിമാനങ്ങളാണെന്നാണ് ഫ്ലൈറ്റ് റഡാർ രേഖകൾ വ്യക്തമാക്കുന്നത്.
ചരിത്രത്തിൽ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണിത്. ഇതിന് മുൻപ് 2023 ജനുവരിയിലാണ് സമാനമായ രീതിയിൽ അമേരിക്കയിൽ വിമാന സർവീസുകൾക്ക് തടസ്സം നേരിട്ടത്. അന്ന് പൈലറ്റ് നോട്ടിഫിക്കേഷൻ സിസ്റ്റത്തിലുണ്ടായ തകരാറായിരുന്നു കാരണം. അതിനുമുമ്പ് ഇത്തരത്തിലൊരു കർശന നിർദ്ദേശം നൽകിയിരുന്നത് കുപ്രസിദ്ധമായ 9/11 ആക്രമണത്തിന് ശേഷം മാത്രമായിരുന്നു.
