അമൃത്സർ: ഇന്ത്യാ-പാക് അതിർത്തിയിലൂടെയുള്ള കള്ളക്കടത്ത് ശ്രമങ്ങൾ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) വിഫലമാക്കി. പഞ്ചാബിലെ അമൃത്സർ, ഫിറോസ്പൂർ സെക്ടറുകളിൽ നിന്നായി പാകിസ്ഥാൻ ഡ്രോൺ, ആയുധങ്ങൾ, മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തു.
രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ വിവിധ ഓപ്പറേഷനുകളിലാണ് ഇവ പിടികൂടിയതെന്ന് ബിഎസ്എഫ് അധികൃതർ വ്യക്തമാക്കി. ലഭിച്ച പ്രത്യേക രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഫിറോസ്പൂർ ജില്ലയിലെ കമൽ വാല ഗ്രാമത്തിന് സമീപം നടത്തിയ തിരച്ചിലിലാണ് കള്ളക്കടത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോൺ കണ്ടെത്തിയത്.
അതിർത്തി വേലിക്ക് അടുത്തുള്ള കൃഷിയിടത്തിൽ നിന്നാണ് ഡ്രോൺ പിടിച്ചെടുത്തത്. ഇതേ ദിവസം രാവിലെ ഫിറോസ്പൂരിലെ രാജാ റായ് ഗ്രാമത്തിന് സമീപത്തെ കൃഷിയിടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്ന രണ്ട് പിസ്റ്റളുകളും സേന പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രാത്രി പഞ്ചാബ് സെക്ടറിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ബിഎസ്എഫ് ജവാന്മാർ നടത്തിയ വ്യാപകമായ തിരച്ചിലിലാണ് 1.664 കിലോഗ്രാം ഹെറോയിൻ അടങ്ങിയ പാക്കറ്റ് കണ്ടെടുത്തത്. പണ്ടോരി ഗ്രാമത്തിന് സമീപത്തുനിന്നായിരുന്നു ഇത്.
പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏത് നുഴഞ്ഞുകയറ്റ ശ്രമത്തെയും പ്രതിരോധിക്കാൻ സേന പൂർണ്ണ സജ്ജമാണെന്നും ബിഎസ്എഫ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

