കൊച്ചി നഗരത്തിൽ മൂന്ന് പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ ആഡംബര കാർ അപകടക്കേസിൽ മുഖ്യപ്രതിയായ സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളെയും ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. നാളെ വൈകിട്ട് 5 മണിവരെയാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതികളെ കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്.
കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്ന മുറയ്ക്ക് പ്രതികളുടെ ജാമ്യാപേക്ഷ വരുന്ന വെള്ളിയാഴ്ച കോടതി പരിഗണിക്കുന്നതാണ്. അപകടത്തിന് പിന്നിൽ മുൻവൈരാഗ്യമോ കൊലപാതക കുറ്റത്തിന്റെ പരിധിയിൽ വരുന്ന ഗൂഢാലോചനയോ ഉണ്ടോയെന്ന് കണ്ടെത്താനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത് എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
പ്രതികളുടെ പ്രായം മുൻനിർത്തിയായിരുന്നു പ്രതിഭാഗം അഭിഭാഷകർ വാദമുഖങ്ങൾ അവതരിപ്പിച്ചത്. എന്നാൽ ജീവൻ നഷ്ടപ്പെട്ടവരും ഇതേ പ്രായത്തിലുള്ളവരും വലിയ സ്വപ്നങ്ങളും ഭാവിയുള്ളവരും ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.
എന്നാൽ പൊലീസിന്റെ ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് യാതൊരുവിധ അടിത്തറയുമില്ലെന്നും അന്വേഷണം പൂർണ്ണമായും മുൻകൂട്ടി തീരുമാനിച്ച ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് നീങ്ങുന്നതെന്നും പ്രതിഭാഗം ശക്തമായി ആരോപിച്ചു. ഇതൊരു ദൗർഭാഗ്യകരമായ വാഹനാപകടം മാത്രമാണെന്നും ഇതിലേക്ക് മനഃപൂർവമായ നരഹത്യയുടെ വകുപ്പുകൾ കൂട്ടിച്ചേർക്കാനുള്ള ശ്രമം നിയമപരമായി നിലനിൽക്കില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.
ക്രിമിനൽ പശ്ചാത്തലമില്ലാത്ത 19 വയസ് മാത്രം പ്രായമുള്ള ചെറുപ്പക്കാരാണ് പ്രതികളെന്നും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ മാത്രമാണ് ഇത്തരം ഗൂഢാലോചനാ കഥകൾ മെനയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മൂന്ന് പേർ ഹെൽമറ്റ് ധരിക്കാതെ ഒരേ സ്കൂട്ടറിൽ റോഡിന്റെ നധ്യഭാഗത്തുകൂടി സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായതെന്നും കാഴ്ച വ്യക്തമല്ലാത്ത ഒരു വളവിലാണ് സംഭവം നടന്നതെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ മദ്യപിച്ച് വാഹനമോടിച്ചാൽ അപകടങ്ങൾ ഉണ്ടാകുമെന്ന് അറിയാത്തവരാണോ പ്രതികൾ എന്ന് പ്രോസിക്യൂഷൻ തിരിച്ച് ചോദിച്ചു. ലഭിച്ച 24 മണിക്കൂർ കസ്റ്റഡി കാലാവധിക്കുള്ളിൽ പൊലീസ് പ്രതികളെ വിശദമായി തന്നെ ചോദ്യം ചെയ്യും.
ഇതിന്റെ ഭാഗമായി നേരത്തെ സുഹൈലിനൊപ്പം അപകടസ്ഥലത്ത് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. സുഹൈൽ ഉൾപ്പെടെയുള്ളവരെ വീണ്ടും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതാണ്.
കൂടാതെ അപകടം നടന്ന ദിവസം പ്രതികൾ സന്ദർശിച്ച പാലാരിവട്ടം, വൈറ്റില, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാറുകളിലും തെളിവെടുപ്പിനായി കൊണ്ടുപോകും. സുഹൈൽ മദ്യപിച്ചിരുന്നു എന്ന വിവരം പ്രാരംഭഘട്ടത്തിൽ എഫ്ഐആറിൽ നിന്നും ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
പിന്നീട് റിമാൻഡ് റിപ്പോർട്ടിൽ പ്രതി മദ്യപിച്ചിരുന്നു എന്ന കാര്യം പൊലീസ് ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആലുവ റൂറൽ എസ്പി കെ.എസ്.സുദർശൻന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
ആലുവ ഡിവൈഎസ്പി ബൈജു കെ.പൗലോസ്നാണ് അന്വേഷണത്തിന്റെ ചുമതല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

