ബോംബ് ഭീഷണിയെ തുടർന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം രാജസ്ഥാനിലെ ജയ്പൂരിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽ സ്ഫോടകവസ്തുക്കളുണ്ടെന്ന സന്ദേശത്തിന് പിന്നാലെ പൈലറ്റ് ഹൈജാക്ക് അലർട്ട് നൽകിയതും വലിയ പരിഭ്രാന്തിക്ക് കാരണമായി.
എന്നാൽ വിശദമായ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും വിമാനം പിന്നീട് സുരക്ഷിതമായി ദില്ലിയിൽ എത്തിച്ചതായും ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവത്തിൽ ഡിജിസിഎ (DGCA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് എയർ ഇന്ത്യയുടെ AI2030 വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം എയർ ഇന്ത്യ അധികൃതർക്ക് ലഭിക്കുന്നത്.
ഫ്രാങ്ക്ഫർട്ടിൽ നിന്നും 306 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനം ഗുജറാത്ത് വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചപ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. ഉടൻ തന്നെ എയർ ഇന്ത്യ അധികൃതർ സുരക്ഷാ ഏജൻസികളെ വിവരമറിയിച്ചു.
ഇതിനിടയിൽ വിമാനം റാഞ്ചപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന പൈലറ്റിന്റെ അടിയന്തര കോഡായ ‘സ്ക്വോക്ക് കോഡ് 7500’ സന്ദേശം ഗുജറാത്ത് എയർ ട്രാഫിക് കൺട്രോളിൽ ലഭിച്ചത് ആശങ്ക വർധിപ്പിച്ചു. തുടർന്ന് വിമാനം ജയ്പൂരിൽ ഇറക്കാൻ അധികൃതർ നിർദ്ദേശം നൽകുകയും ഏതൊരു അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരാകുകയും ചെയ്തു.
ഇതിന്റെ ഭാഗമായി എൻഎസ്ജി (NSG) കമാൻഡോ സംഘത്തോട് ജയ്പൂരിലേക്ക് പോകാൻ തയ്യാറായി നിൽക്കാൻ നിർദ്ദേശം നൽകി. എൻഐഎ (NIA) ഉദ്യോഗസ്ഥരും സംഭവത്തിൽ ഇടപെട്ടു.
തുടർന്ന് രാവിലെ 9.35-ഓടെ വിമാനം ജയ്പൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വിമാനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ അസ്വാഭാവികമായി യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
പൈലറ്റ് അബദ്ധത്തിലാണ് ഹൈജാക്ക് കോഡ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക സൂചന. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.
യാത്രക്കാർക്കുണ്ടായ അസൗകര്യങ്ങളിൽ എയർ ഇന്ത്യ കമ്പനി ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

