ഡിജിറ്റൽ പണമിടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വ്യാപാരി സംഘടനകൾ രംഗത്ത്. യുപിഐ ഇടപാടുകൾക്ക് എംഡിആർ ചുമത്തുന്നത് ദീപാവലിക്ക് ശേഷം മാത്രമേ നടപ്പാക്കൂ എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും എംഡിആർ ഏർപ്പെടുത്താനുള്ള നീക്കം പൂർണമായി പിൻവലിക്കുകയാണ് വേണ്ടതെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റ് കെ.
സുരേന്ദ്രനും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.
അബ്ദുൽ നാസറും വ്യക്തമാക്കി. യുപിഐ നിരക്കുകൾ നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്നതല്ല, മറിച്ച് അധിക ചാർജ് ഏർപ്പെടുത്താനുള്ള തീരുമാനം തന്നെ ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
നിലവിൽ ഡിജിറ്റൽ പണമിടപാടുകൾ സർക്കാർ തലത്തിൽ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ, യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഇത് ചെറുകിട- ഇടത്തരം വ്യാപാരികൾക്ക് വലിയ തോതിൽ അധിക ചെലവുണ്ടാക്കുമെന്നും, ഡിജിറ്റൽ ഇടപാടുകളെ ആശ്രയിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാണിച്ചു.
യുപിഐ ഇടപാടുകൾക്ക് എംഡിആർ ചുമത്താനുള്ള നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎസ്എംഎയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സംസ്ഥാനത്തുടനീളം നടന്ന പ്രതിഷേധ പരിപാടികളിൽ നാലായിരത്തിലധികം സ്വർണവ്യാപാരികളാണ് അണിനിരന്നത്.
വ്യാപാരികളുടെ ആശങ്കകൾ പൂർണ്ണമായും പരിഗണിച്ച് എംഡിആർ നടപ്പാക്കാനുള്ള നീക്കം അധികാരികൾ ഉപേക്ഷിക്കാൻ തയാറാകണം. ഈ നിരക്ക് ഏർപ്പെടുത്താനുള്ള നിർദേശം പൂർണ്ണമായി പിൻവലിക്കുന്നതുവരെ സംഘടന ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

