അഫ്ഗാനിസ്താനില്‍ താന്‍ ചില പ്രശ്നങ്ങളില്‍ കുടുങ്ങിയിരിക്കുകയാണെന്ന് സൂചിപ്പിച്ച് പ്രശസ്ത ട്രാവല്‍ വ്ലോഗര്‍ ബാക്പാക്കര്‍ അരുണിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്ക് ലഭിച്ച ഒരു സന്ദേശം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചുകൊണ്ടാണ് അവര്‍ അടിയന്തരമായി സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
തല്‍സമയം അഫ്ഗാനിസ്താനിലെ ബാമ്യനിലാണെന്നാണ് അരുണിമ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്. “നിങ്ങള്‍ മുജാഹിദീനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു” എന്ന തരത്തിലുള്ള ഒരു സന്ദേശമാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ളത്.
കിഴക്കന്‍ ഇറാനിയന്‍ ഭാഷയായ പഖ്തുവില്‍ ലഭിച്ച ഈ സന്ദേശം ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് വ്ലോഗര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഔദ്യോഗിക രേഖകളോ കത്തോ കൈവശമില്ലാത്തതാണ് ഈ നടപടിക്ക് കാരണമെന്ന് സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സന്ദേശം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ആശങ്ക രേഖപ്പെടുത്തി കമന്റുകളുമായി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നവര്‍ അടിയന്തരമായി സഹായിക്കണമെന്നാണ് അരുണിമയുടെ അഭ്യര്‍ത്ഥന.
സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിരവധി പേര് ശശി തരൂര്‍ എംപി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഹാന്‍ഡില്‍ എന്നിവരെ പോസ്റ്റില്‍ ടാഗ് ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി അഫ്ഗാനിസ്താനില്‍ തുടരുന്ന അരുണിമ, അവിടുത്തെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി നിരവധി വീഡിയോകളും യൂട്യൂബില്‍ പങ്കുവെച്ചിരുന്നു.
അഫ്ഗാനിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും, താലിബാന് ഭരണകൂടത്തോടുള്ള ഭയവും, വസ്ത്രസ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഇവരുടെ ദൃശ്യങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

