കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി സ്വർണവില. രാജ്യാന്തര വിപണിയിൽ ഔൺസിന് 4369 ഡോളറിൽ നിന്ന് 4279 ഡോളറിലേക്കാണ് ഇടിവുണ്ടായത്.
പിന്നീട് വിപണി നില അൽപം മെച്ചപ്പെടുത്തി 4292 ഡോളറിലെത്തി. രാജ്യാന്തര വിപണിയിലെ ചുവടുപിടിച്ചു സംസ്ഥാനത്തും സ്വർണവില താഴേക്ക് പതിച്ചു.
വൈകിട്ടത്തെ വ്യാപാരത്തിൽ ഗ്രാമിന് 115 രൂപ കുറഞ്ഞ് 14,010 രൂപയിലാണ് വ്യാപാരം നടന്നത്. പവന് 920 രൂപ കുറഞ്ഞ് 1,12,080 രൂപയായും വില ചുരുങ്ങി.
കൂടാതെ കേരളത്തിൽ വൈകിട്ട് 18 കാരറ്റ് സ്വർണവില ഗ്രാമിന് 95 രൂപ കുറഞ്ഞ് 11,510 രൂപയായി. അതേസമയം, വെള്ളിവിലയിൽ മാറ്റമുണ്ടായില്ല; ഗ്രാമിന് 245 രൂപയാണ് നിലവിലെ നിരക്ക്.
വിലയിടിയാനുള്ള പ്രധാന കാരണങ്ങൾ യുഎസിൽ അടിസ്ഥാന പലിശനിരക്ക് ഉയരാനുള്ള ഉയർന്ന സാധ്യതയാണ് സ്വർണവിലയെ പ്രതികൂലമായി ബാധിച്ചത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബർ 16ന് തങ്ങളുടെ പണനയം പ്രഖ്യാപിക്കാനിരിക്കുകയാണ്.
രണ്ടാഴ്ച മുൻപുവരെ പലിശനിരക്ക് വർധനയ്ക്കുള്ള സാധ്യത 50:50 ആയിരുന്നുവെങ്കിൽ, നിലവിലിത് 89 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇത് ഡോളറിനും ബോണ്ട് യീൽഡിനും കരുത്ത് പകരുകയും സ്വർണത്തിന് തിരിച്ചടിയാവുകയും ചെയ്തു.
ഇതിനുപുറമേ, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എണ്ണവില കുതിച്ചുയരുന്നതും സ്വർണ വിപണിക്ക് വെല്ലുവിളിയാകുന്നുണ്ട്. ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതി സ്തംഭിച്ചു.
യെമനിലെ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് സൗദിയുടെ നിർണായക എണ്ണ പൈപ്പ്ലൈനിന്റെ പ്രവർത്തനവും നിലച്ചു. ഇതോടെ ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 2.90% ഉയർന്ന് 103 ഡോളറായും, ബ്രെന്റ് ക്രൂഡ് വില 3.32% വർധിച്ച് 108.1 ഡോളറായും മാറി.
പലിശനിരക്കും സ്വർണവും തമ്മിലുള്ള ബന്ധം ക്രൂഡോയിൽ വില വർധിക്കുന്നത് അമേരിക്കയിലും ഇന്ത്യയിലും ഉൾപ്പെടെ ലോകമെമ്പാടും പണപ്പെരുപ്പത്തിന് കാരണമാകും. ഇതിനെ നിയന്ത്രിക്കാൻ ഫെഡറൽ റിസർവും റിസർവ് ബാങ്കുമെല്ലാം അടിസ്ഥാന പലിശനിരക്ക് ഉയർത്തും.
അമേരിക്കയിൽ പലിശനിരക്ക് വർധിക്കാനുള്ള സാധ്യത ഇതിനോടകം ഏറിയിട്ടുണ്ട്. ഡിസംബറോടെ ബാങ്ക് വായ്പകളുടെ പലിശനിരക്കിൽ 0.50% വർധനയാണ് പ്രതീക്ഷിക്കുന്നത്.
യുഎസിൽ പലിശനിരക്ക് വർധിക്കുന്നത് ഡോളറിനെയും ബോണ്ട് യീൽഡിനെയും ശക്തിപ്പെടുത്തും. പലിശ ഉയരുമ്പോൾ വലിയൊരു വിഭാഗം നിക്ഷേപകർ ബോണ്ടുകളിലേക്കും ബാങ്ക് നിക്ഷേപങ്ങളിലേക്കും തിരിയുന്നു.
ക്രൂഡോയിൽ വാങ്ങാൻ പ്രധാനമായും ഡോളർ ആവശ്യമായതിനാൽ, ഡോളറിനുള്ള ഡിമാൻഡും അതിന്റെ അപ്രമാദിത്തവും വർധിക്കുന്നു. രാജ്യാന്തര സ്വർണ ഇടപാടുകളും ഡോളറിലാണ് നടക്കുന്നത് എന്നതിനാൽ, ഡോളർ കരുത്താർജ്ജിക്കുമ്പോൾ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ സ്വർണത്തിന്റെ ഇറക്കുമതിയും ഡിമാൻഡും കുറയുന്നു.
ഇത് വിലയിടിവിന് ആക്കം കൂട്ടുന്നു. യൂറോ, യെൻ, പൗണ്ട് തുടങ്ങിയ ലോകത്തെ പ്രധാനപ്പെട്ട
ആറ് കറൻസികൾക്ക് എതിരെയുള്ള യുഎസ് ഡോളർ ഇൻഡക്സ് നിലവിൽ 0.50% മുന്നേറ്റത്തോടെ 99.50 ലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി യീൽഡ് 4.95 ശതമാനത്തിൽ നിന്ന് 4.978 ശതമാനത്തിലേക്കും ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

