സംസ്ഥാനത്തുടനീളം കാരുണ്യബോധമുള്ള യുവസമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആൽഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറും (എസ്എപിഎസ്സി) സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല വാക്കത്തണിന് തിരുവനന്തപുരത്ത് ഔദ്യോഗിക തുടക്കമായി. പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മന്ത്രി സി.പി.ജോണും സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡൽ ഓഫിസർ അജിത ബീഗം ഐപിഎസും ചേർന്ന് വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം സന്നദ്ധപ്രവർത്തകരും ആശാ പ്രവർത്തകരും ഉൾപ്പെടെ ആയിരത്തിലധികം പേർ ഈ സദുദ്യമത്തിൽ അണിനിരന്നു. ചടങ്ങിൽ അധ്യക്ഷത വഹിച്ച ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം.നൂർദീൻ സദസ്സിന് പാലിയേറ്റീവ് കെയർ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആൽഫ കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, ആൽഫാ വിഷൻ 2030 സ്റ്റേറ്റ് കോഓർഡിനേറ്റർ അംജിത്കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ജവഹർ ബാലഭവനിൽ സമാപിച്ച വാക്കത്തണിന്റെ ഭാഗമായി ‘കാരുണ്യമുള്ള യുവത’ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.
ബീറ്റ ഗ്രൂപ്പ് ചെയർമാൻ രാജ്മോഹൻ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. ആൽഫ നെടുമങ്ങാട് സെന്റർ സെക്രട്ടറി ജയചന്ദ്രൻ, പ്രസിഡന്റ് നസീർ, എസ്എപിഎസ്സി ജില്ലാ കോഓർഡിനേറ്റർ അക്ഷയ് ബാബു, കമ്യൂണിറ്റി വെൽഫെയർ ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ ഗൗരി കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ആൽഫയുടെ പരിചരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ഒൻപത് ജില്ലകളിലായി വിവിധ പരിപാടികളോടെ പുരോഗമിക്കുന്ന വാക്കത്തൺ ഒക്ടോബർ 9ന് തൃശൂർ എടമുട്ടത്ത് നടക്കുന്ന മെഗാ വാക്കത്തണോടെ സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

