മണർകാട് പള്ളിയിൽ എട്ട് നോമ്പ് ആചരണം നടക്കുമ്പോൾ വനിത പൊലീസ് സ്റ്റേഷൻ എഎസ്ഐ സബീന ബീഗം 18 വർഷം മുൻപത്തെ ഓർമയിലേക്ക് പോകാറുണ്ട്. ഒരു ജീവൻ രക്ഷപ്പെടുത്തിയതിന്റെ ചാരിതാർഥ്യമുള്ള ഓർമകൾ കൂടിയാണത്.
2008 സെപ്റ്റംബർ നാല്. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ മുറ്റത്ത് വിശ്വാസസമുദ്രം.
പെരുന്നാളിനു പത്തനംതിട്ട കോഴഞ്ചേരിയിൽ നിന്ന് അമ്മ ശോശാമ്മയ്ക്കൊപ്പം നോമ്പെടുത്ത് പള്ളിക്കുളത്തിൽ മുങ്ങിക്കുളിക്കാനെത്തിയതാണ് ജയ പി.
ഈശോ. പള്ളിക്കുളത്തിലെ മൂന്നാം പടിയിലേക്ക് കാൽവെച്ചതും വഴുക്കലിൽപ്പെട്ട് ജയ കുളത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു.
സ്ത്രീകളുടെ കടവായതിനാൽ രക്ഷിക്കാൻ പുരുഷന്മാരാരുമില്ല. ജയയെ രക്ഷിക്കാൻ ശോശാമ്മ ശ്രമിച്ചിട്ടും നടന്നില്ല.
കുളത്തിൽ പ്രാണരക്ഷാർഥം ജയയുടെ കൈകൾ ഉയർന്നുതാണു. ആഴങ്ങൾക്ക് ആ ജീവൻ വിട്ടുകൊടുക്കാൻ അന്ന് മണർകാട് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായിരുന്ന സബീന ബീഗം തയാറല്ലായിരുന്നു.
കടവിലിരുന്ന് അലറിക്കരയുന്ന ശോശാമ്മയുടെ തലയ്ക്കു മുകളിലൂടെ കുളത്തിന്റെ നടുവിലേക്ക് സബീന പറന്നിറങ്ങി. വെള്ളത്തിലേക്ക് ഊളിയിട്ട് മരണത്തിന്റെ പിടിയിൽ നിന്നും ജയയെ കരങ്ങളിലേന്തി അവർ കരയിലേക്ക് നീന്തി.
ഇന്നും അതെക്കുറിച്ച് ഓർക്കുമ്പോൾ സബീന ബീഗത്തിന്റെ മുഖത്ത് സംതൃപ്തിയുടെ ഒരു ചെറുചിരി നിറയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

