ഉദ്യോഗാർഥികൾ അഭിമുഖത്തിന് വൈകിയെത്തുന്നതുമൂലം അവസരങ്ങൾ നഷ്ടപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്. എന്നാൽ, അഭിമുഖം നടത്തേണ്ട
കമ്പനിയുടെ മുഖ്യ എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) തന്നെ വൈകിയെത്തിയതിനെ തുടർന്ന് ഉദ്യോഗാർഥി ജോലി സ്വീകരിക്കാൻ തയ്യാറാകാതെ പിന്മാറിയ സംഭവം കോർപ്പറേറ്റ് ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. മോഹൻ എന്ന ഉദ്യോഗാർഥി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്.
‘ജോലി നിരസിക്കാനുള്ള കാരണം’ എന്ന തലക്കെട്ടിൽ പുറത്തുവന്ന ഒരു ഇമെയിലിന്റെ സ്ക്രീൻഷോട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിശ്ചയിച്ചിരുന്ന അഭിമുഖത്തിനായി അരമണിക്കൂർ മുമ്പ് തന്നെ ഉദ്യോഗാർഥി ഓഫീസിൽ ഹാജരായി.
എന്നാൽ, നിശ്ചയിച്ച സമയത്തേക്കാളും ഒരു മണിക്കൂറിലധികം വൈകി 3.10-നാണ് സിഇഒ എത്തിയത്. വൈകിയതിനുള്ള കാരണം വ്യക്തമാക്കാനോ അതിന് ക്ഷമാപണം നടത്താനോ സിഇഒ തയ്യാറായില്ല.
തുടർന്ന് നിശ്ചയിച്ച പ്രകാരം അഭിമുഖം പൂർത്തിയായെങ്കിലും, താൻ ഈ ജോലി സ്വീകരിക്കില്ലെന്ന് ഉദ്യോഗാർഥി ഉറപ്പിക്കുകയായിരുന്നു. മറ്റുള്ളവരുടെ സമയത്തിന് കമ്പനി കൽപ്പിക്കുന്ന വിലയാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
കമ്പനിയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള അനുഭവം ഇതാണെങ്കിൽ, ജോലിയിൽ പ്രവേശിച്ചാൽ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരത്തിലുള്ള തൊഴിൽ സംസ്കാരമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും ഉദ്യോഗാർഥി വ്യക്തമാക്കുന്നു.
ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഉദ്യോഗാർഥിയുടെ സമയം വിലമതിക്കപ്പെടേണ്ടതാണെന്നും, അഭിമുഖത്തിന് എത്തുന്നവർ വലിയ തയാറെടുപ്പുകളോടെയാണ് എത്തുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
എന്തെങ്കിലും അസൗകര്യങ്ങൾ ഉണ്ടെങ്കിൽ അത് മുൻകൂട്ടി അറിയിക്കാനുള്ള മര്യാദ കമ്പനികൾ കാണിക്കണമെന്നും ഇവർ വാദിക്കുന്നു. എന്നാൽ, സിഇഒമാരെപ്പോലെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് മറ്റ് അടിയന്തര തിരക്കുകൾ ഉണ്ടാകാമെന്നും, അത് മനസ്സിലാക്കി ഉദ്യോഗാർഥി കുറച്ചുകൂടി ക്ഷമ കാണിക്കേണ്ടിയിരുന്നുവെന്നും മറുപക്ഷത്ത് അഭിപ്രായപ്പെടുന്നവരുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

