മുഹമ്മ ∙ തണ്ണീർമുക്കം കരിക്കാട് വേലിയ്ക്കകത്ത് വീട്ടിൽ സന്തോഷ് (53) കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചിരുന്ന സമീപവാസി കരീക്കാട് അംബികാലയം വീട്ടിൽ പി.ആർ.
ഐറിഷ് (48) പൊലീസിൽ കീഴടങ്ങി. തിങ്കളാഴ്ച ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥ ചേർത്തല സിഐ മഞ്ജു ദാസിന്റെ മുന്നിലാണ് ഇയാൾ കീഴടങ്ങിയത്.
ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ വെള്ളിയാഴ്ച നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് സംഭവം നടന്ന് ഒരാഴ്ചയ്ക്കുശേഷം ഐറിഷ് കീഴടങ്ങിയത്. മുഹമ്മ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
തടിപ്പണിക്കാരനായിരുന്ന സന്തോഷ് രണ്ടുവർഷമായി ഒറ്റയ്ക്കായിരുന്നു താമസമെന്നു പൊലീസ് പറഞ്ഞു. ഭാര്യയും മക്കളും ഭാര്യയുടെ വീട്ടിലാണ് താമസം.
സമീപവാസികളുമായി സന്തോഷിനു വലിയ അടുപ്പമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം സമീപവാസിയായ പെൺകുട്ടിയോടു മോശമായി സംസാരിച്ചുവെന്നാരോപിച്ചു പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതേത്തുടർന്ന് ശനിയാഴ്ച സ്റ്റേഷിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും സന്തോഷ് എത്തിയില്ല. ഇതേതുടർന്ന് സന്തോഷിനെ അന്വേഷിച്ചാണ് ഞായറാഴ്ച രാവിലെ മുഹമ്മ പൊലീസ് തണ്ണീർമുക്കം കരിക്കാട്ടെ വേലിക്കകത്ത് വീട്ടിലെത്തിയത്.
സുഖമില്ലാതെ കിടക്കുകയാണെന്നു കരുതി ആശുപത്രിയിലേക്ക് മാറ്റാൻ 108 ആംബുലൻസ് വിളിച്ചുവരുത്തി. എന്നാൽ ആംബുലൻസ് നഴ്സ് ശരീരം നേരെയാക്കിയതോടെ രംഗം മാറി.
സന്തോഷിന്റെ മുഖം രക്തത്തിൽ കുളിച്ച നിലയിലും തലയ്ക്കും ചെവിക്കു പിന്നിലും മുറിവേറ്റതുമായി കണ്ടെത്തി. തുടർന്ന് മരണം സ്ഥിരീകരിച്ചു.
വിവരമറിഞ്ഞ് ധാരാളം പേർ വീടിനു മുന്നിൽ തടിച്ചു കൂടി. കൂടുതൽ പൊലീസും സ്ഥലത്തെത്തി.
മുറിക്കു സമീപത്തുനിന്ന് രണ്ടായി ഒടിഞ്ഞ നിലയിലുള്ള മുളങ്കമ്പ് കണ്ടെത്തി. സന്തോഷ് മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് മുളങ്കമ്പുകളിൽ ഒന്നാണിത്.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലയ്ക്കു പിന്നിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നു പറയുന്നു. ആലപ്പുഴയിൽ നിന്നെത്തിച്ച പൊലീസ് നായ വീടിനു മുന്നിലെ റോഡിലൂടെ വടക്കുപടിഞ്ഞാറ് ദിശയിൽ മണം പിടിച്ച് സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിനു സമീപം വരെ പോയി നിന്നു.
വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.
സന്തോഷിന്റെ ഭാര്യ: സുനിത. മക്കൾ: സ്വർണ സന്തോഷ്, സൂര്യ പണിക്കർ, സാരംഗ് പണിക്കർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

